ചന്ദ്രയാന്റെ വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാണെന്ന് നാസ, ചിത്രങ്ങള്‍ പുറത്ത്

ചന്ദ്രയാന്‍-2 ന്റെ വിക്രം ലാന്‍ഡറിന് സോഫ്റ്റ് ലാന്‍ഡിങ് നടന്നില്ലെന്ന് നാസ. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറക്കുകയായിരുന്നു. ഇതു തെളിയിക്കുന്ന ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല. സെപ്റ്റംബര്‍ ഏഴിനായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിങ്.

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ നാസ ട്വീറ്റ് ചെയ്തു. നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) ആണ് ചിത്രങ്ങള്‍ എടുത്തത്. വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമം തുടരുമെന്നും നാസ അറിയിച്ചു.

ലാന്‍ഡിങ്ങിന് ശേഷം 14 ദിവസമായിരുന്നു വിക്രം ലാന്‍ഡറിന്റെ ദൗത്യ കാലാവധി. ഈ കാലാവധി ശനിയാഴ്ചയോടെ അവസാനിച്ചിരുന്നു. വിക്രം ലാന്‍ഡറിന് സംഭവിച്ചതെന്തെന്ന് ദേശീയ തലത്തിലുള്ള ഒരു കമ്മിറ്റി വിശദമായി പഠിക്കുമെന്ന് ഐ.എസ്.ആര്‍.ഒ മേധാവി കെ. ശിവന്‍ പറഞ്ഞു.