ചന്ദ്രയാന്‍ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് വിക്ഷേപിക്കും

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപണം നടത്തും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.

ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സാങ്കേതികത്തകരാര്‍ മൂലം 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കേ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. ഇന്ത്യ ഇന്നേവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വിക്ഷേപണ വാഹനമായ, ബാഹുബലി എന്നു വിളിക്കുന്ന ജിഎസ്എല്‍വി മാര്‍ക് 3 ലെ ഇന്ധനടാങ്കില്‍ ചോര്‍ച്ച കണ്ടെത്തയതിനെത്തുടര്‍ന്നായിരുന്നു ദൗത്യം മാറ്റിവച്ചത്.

സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ 15ന് പുലര്‍ച്ചെ 2.51ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം വീക്ഷിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെ പ്രമുഖര്‍ എത്തിയിരുന്നു. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു.

ഭാരതം ഇന്നേവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണമായതും വെല്ലുവിളി നിറഞ്ഞതുമായ ബഹിരാകാശ പദ്ധതിയാണ് ചന്ദ്രയാന്‍ 2 എന്ന് തുടക്കം മുതല്‍ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്ട് ലാന്‍ഡിങ് പ്രക്രിയയിലൂടെ പേടകത്തെ ഇറക്കുകയെന്ന അതീവ ദുഷ്‌ക്കരമായ ദൗത്യമാണ് ഐഎസ്ആര്‍ഒ ഇത്തവണ ഏറ്റെടുത്തിരിക്കുന്നത്.