അ​ഗ്നിവീർ റിക്രൂട്ട്മെന്റിൽ മാറ്റങ്ങൾ; പ്രധാന മാറ്റങ്ങൾ ഇങ്ങനെ

അ​ഗ്നിവീർ റിക്രൂട്ട്മെന്റ് പ്രക്രിയയിൽ സൈന്യം മാറ്റങ്ങൾ വരുത്തി. സേനയിൽ ചേരാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം നിയുക്ത കേന്ദ്രങ്ങളിൽ ഓൺലൈനായി കോമൺ എൻട്രൻസ് എക്സാമിനേഷൻ (സിഇഇ) എഴുതേണ്ടതാണ്. പിന്നീട് റിക്രൂട്ട്മെന്റ് റാലികളിൽ ശാരീരിക പരിശോധനകളും തിരഞ്ഞെടുക്കുന്നതിന് മുമ്പായി മെഡിക്കൽ എക്സാമിനേഷനും നടത്തുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സേനയിലേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനായി കരസേന മൂന്ന് ഘട്ട റിക്രൂട്ട്മെന്റ് പ്രക്രിയയാണ് അടുത്തിടെ പുറത്തിറക്കിയത്. ആദ്യം എൻട്രൻസ് എക്സാം, ശാരീര പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവയാണവ. മുമ്പ് അ​ഗ്നിവീർ റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാർത്ഥികൾ ആദ്യം ശാരീരിക ക്ഷമത പരീക്ഷയും പിന്നീട് അവരുടെ മെഡിക്കൽ പരിശോധനയും നടത്തണമായിരുന്നു. അവസാന ഘട്ടമായാണ് സിഇഇ യോഗ്യത നേടുന്നത്.

19,000 ഉദ്യോഗാർത്ഥികളെ ഇന്ത്യൻ ആർമി ഇതുവരെ അഗ്നിവീറിനായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. വ്യോമസേനയും നാവികസേനയും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. 46,000 ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുക എന്നതാണ് ഈ സാമ്പത്തിക വർഷത്തെ മൊത്തത്തിലുള്ള ലക്ഷ്യം.

റിക്രൂട്ട്‌മെന്റ് റാലികളിൽ ആയിരക്കണക്കിന് ഉദ്യോ​ഗാർഥികൾ പങ്കെടുക്കുമ്പോൾ വരുന്ന ബുദ്ധിമുട്ടുകളും ലോജിസ്റ്റിക്കൽ തയ്യാറെടുപ്പുകളും നിയമന നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ കാരണമായതായി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞതായാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. പുതിയ അ​ഗ്നിവീർ റിക്രൂട്ട്‌മെന്റ് നടപടിക്രമം റാലിയുടെ ചെലവുകൾ കുറയ്ക്കുകയും ലോജിസ്റ്റിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ഭാരം കുറയ്ക്കുകയും ചെയ്യും.