നാസില്‍ അബ്ദുള്ളയുമായി ഒത്തു തീര്‍പ്പിനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

ചെക്കുകേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒത്തു തീര്‍പ്പിനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി. നാസില്‍ അബ്ദുള്ളയുമായി ചര്‍ച്ച നടത്താനാണ് തുഷാര്‍ തീരുമാനിച്ചിരിക്കുന്നത്.

തുഷാര്‍ വെള്ളാപ്പള്ളി സാമ്പത്തികമായി പറ്റിച്ചെന്ന് നാസില്‍ അബ്ദുള്ളയുടെ അമ്മ പറഞ്ഞിരുന്നു. പലവട്ടം പണം ചോദിച്ചിട്ടും തന്നില്ലെന്നും തുടര്‍ന്ന് നാസില്‍ ജയിലിലായെന്നുമാണ് നാസിലിന്റെ അമ്മ വ്യക്തമാക്കിയത്.

തുഷാറിനെതിരായ കേസിനെ തുടര്‍ന്ന് സ്വന്തം സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്നും താന്‍ മാത്രമല്ല നിരവധിപേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തുഷാറിന്റെ സ്വാധീനത്തെ ഭയപ്പെടുന്നുണ്ടെന്നും നാസില്‍ അബ്ദുല്ലയും പറഞ്ഞിരുന്നു.

തുഷാര്‍ പണം നല്‍കാത്തതിനാല്‍ ജയിലില്‍ പോകേണ്ടി വന്നയാളാണ് താന്‍. അന്ന് തന്നെ ആരും സഹായിച്ചില്ല. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ അദ്ദേഹം ഒപ്പിട്ട കരാറില്‍ എങ്ങിനെ ഈ ചെക്ക് നമ്പര്‍ വന്നുവെന്ന് മറുപടി പറയണം. ഒത്തുതീര്‍പ്പിന് ഇനിയും തയ്യാറാണ്. അതുവരെ നിയമനടപടി തുടരുമെന്നുമാണ് നാസില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് തുഷാര്‍ ഒത്തു തീര്‍പ്പിന് ഒരുങ്ങുകയാണ്.