ചെങ്ങന്നൂർ ചെങ്കനലായി,ഇടത് മുന്നണിക്ക് റെക്കോഡ് ജയം

ചരിത്ര വിജയവുമായി എൽ.ഡി.എഫ്. ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്  മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 20956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാൻ വിജയിച്ചത്. 67303 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്.വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ ഇവിടെ സജി ചെറിയാൻ മുന്നിലായിരുന്നു. ഒരിക്കൽ പോലും യു.ഡി.എഫ് അടുത്തെത്തിയില്ല. മാന്നാര്‍, പാണ്ടനാട് തുടങ്ങിയ യുഡിഎഫ് കേന്ദ്രങ്ങളിലും എൽഡിഎഫ് മുന്നേറി. കേരള കോൺഗ്രസ് ശക്തികേന്ദ്രമായ തിരുവൻവണ്ടൂരിലും സജി ചെറിയാൻ മുന്നേറി.

തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്‍റെ പിന്തുണ ലഭിച്ചെന്നും എല്ലാ മതവിഭാഗങ്ങളുടെയും പിന്തുണ തനിക്കുണ്ടായിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. കോൺഗ്രസ്, ബിജെപി വോട്ടുകളും തനിക്ക് ലഭിച്ചതായി അദ്ദേഹം വിജയം ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപേ കൂട്ടിച്ചേര്‍ത്തു. പിണറായി സര്‍ക്കാരിനുള്ള അംഗീകാരമാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ 43263 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ഥി പി എസ് ശ്രീധരൻ പിള്ള 32449 വോട്ടുകള്‍ മാത്രമാണ് നേടിയത്.തെരഞ്ഞെടുപ്പ് വിജയം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻപ്രസ്താവനയോട് അദ്ദേഹം ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.