സ്‌പ്രിന്‍ക്ലറില്‍ പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു-ചെന്നിത്തല

സ്‌പ്രിന്‍ക്ലറില്‍ പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസില്‍ കോടതിയും പ്രതിപക്ഷവും മനസിലാക്കിയപ്പോള്‍ അവസാനം വരെ മുടന്തന്‍ ന്യായവുമായി സര്‍ക്കാര്‍ പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ഈ ആരോപണം ഉന്നയിച്ചില്ലായിരുന്നുവെങ്കില്‍ അമേരിക്കന്‍ കമ്ബനിക്ക് കൊവിഡ് മറവില്‍ ചാകരയാകുമായിരുന്നു.

ഈ ഡേറ്റകളെല്ലാം എല്‍.ഡി.എഫ് അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഉപയോഗിക്കുമായിരുന്നു. അതീവ രഹസ്യമായാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ഈ ഡേറ്റ അമേരിക്കന്‍ കമ്ബനിയ്ക്ക് കൊടുത്തിരുന്നത്. ഒരു വിധത്തിലുമുള്ള ചര്‍ച്ച ഒരു സമിതികളിലും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്നതു വരെ സര്‍ക്കാരിന് ഒരു ഫയല്‍ പോലും ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.

കൊവിഡ് മറവില്‍ ലോകത്തെമ്ബാടും ഏകാധിപതികള്‍ ജനാധിപത്യധ്വംസനം നടത്തുകയാണ്. തിരുവനന്തപുരത്തും അതുതന്നെയാണ് കാണാന്‍ കഴിയുന്നത്. അതിന് മികച്ച ഉദാഹരണമാണ് കൊവിഡ് മറവില്‍ നടന്ന ഡേറ്റ കച്ചവടം. പുതുതായി സത്യവാങ്മൂലം നല്‍കിയതിലൂടെ എട്ട് കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഇതുവരെ പിന്നോക്കം പോയിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സിഡിറ്റും ഐ.ടി മിഷനും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിവരശേഖരണത്തിനും വിശകലനത്തിനും വേണ്ടി ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷം ആദ്യമേ ഉന്നയിച്ചിരുന്നത്. അന്ന് ഇതിനൊന്നും സൗകര്യമില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഇപ്പോള്‍ സിഡിറ്റിനെ കൊണ്ട് ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിയെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ മൂന്ന് വരെ ഈ വിദേശ കമ്ബനിയക്ക് പോയ ഡേറ്റയുടെ കാര്യത്തില്‍ വ്യക്തതയില്ല. ഇപ്പോള്‍ അതിന് കേന്ദ്രസഹായം വേണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. എങ്ങനെയാണ് നടപടിക്രമങ്ങളില്ലാതെ ഈ അമേരിക്കന്‍ കമ്ബനിയെ മാത്രം തിരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ കോടതിയിലോ മുഖ്യമന്ത്രി ജനങ്ങളോടൊ വിശദീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.