ആള്‍ക്കൂട്ട ആക്രമണം; ബസ് ഡ്രൈവറുടെ കൊലപാതകത്തിൽ പ്രതികളെ പിടികൂടിയത് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

ചേര്‍പ്പ് : ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായി സ്വകാര്യ ബസ് ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായിലത്ത് സഹാർ (32) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡില്‍നിന്ന് പിടികൂടിയ നാലുപേരുടേതുള്‍പ്പെടെയുള്ള അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.

കേസിൽ ചിറയ്ക്കല്‍ കോട്ടം നിവാസികളായ കറുപ്പംവീട്ടില്‍ അമീര്‍(30), കൊടക്കാട്ടില്‍ അരുണ്‍ (21), ഇല്ലത്തുപറമ്പില്‍ സുഹൈല്‍ (23), കരുമത്തുവീട്ടില്‍ നിരഞ്ജന്‍ (22), മച്ചിങ്ങല്‍ ഡിനോണ്‍(28) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഉത്തരാഖണ്ഡില്‍ ബസില്‍ നിന്നാണ് അന്വേഷണസംഘം നാലുപേരെ പിടികൂടിയത്. ഉത്തരാഖണ്ഡ് ഗോപേശ്വരം കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി നാലുപേരെയും നാട്ടിലെത്തിച്ചു. ഡിനോണ്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയശേഷം ചൊവ്വാഴ്ച ഉച്ചയോടെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

കേസിൽ പിടിയിലായ പ്രതികൾ ഭൂരിഭാഗംപേരും മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണ്. ഇവര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലടക്കം മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇത്രയും നാൾ ഇവർ ഒളിവിൽ കഴിഞ്ഞതും. അതേസമയം പ്രതികള്‍ക്ക് വിവിധ രീതിയില്‍ സഹായംചെയ്ത എല്ലാവരെയും പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹാറിനെ പ്രതികൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചെകിട്ടത്തടിച്ചു കൊണ്ടായിരുന്നു മർദനത്തിന്റെ തുടക്കം. പുലർച്ചെ 3 വരെ വിട്ടയയ്ക്കാതെ തടഞ്ഞുവച്ചു. പിന്നീട് ഒരുവിധം നടന്നു വ‍ീട്ടിലെത്തിയ സഹാർ കുഴഞ്ഞുവീണു. വീട്ടുകാരാണു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും പിന്നീടു വെന്റിലേറ്ററിലായി.

പിന്നാലെ മരണപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യം മുഴുവൻ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിന്റെ പിറ്റേന്നുതന്നെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്തില്ല. ഇത് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി.