ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി സുപ്രിംകോടതിയുടെ പടിയിറങ്ങുന്നു

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് പടിയിറങ്ങും. വിരമിച്ചാലും തന്‍റെ ഒരു ഭാഗം സുപ്രീംകോടതിയില്‍ തുടരുമെന്ന് ബാര്‍ അസോസിയേഷന് നല്‍കിയ സന്ദേശത്തില്‍ ജസ്റ്റിസ് ഗൊഗോയി വ്യക്തമാക്കിയിരുന്നു.

കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയില്ലായ്മ ഉയര്‍ത്തി ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ആ പ്രതിഷേധത്തിന് ശേഷം സുപ്രീംകോടതിയില്‍ റോസ്റ്റര്‍ സംവിധാനം പുനഃസ്ഥാപിച്ചു. ഞാന്‍ എന്താണോ അതാണ് ഞാന്‍, 2018 ഒക്ടോബര്‍ 3ന് ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുമ്ബോള്‍ ജസ്റ്റിസ് ഗൊഗോയി പറഞ്ഞ വാക്കുകളാണ് ഇത്.

പക്ഷെ, വിരമിക്കല്‍ ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്കും മുന്നില്‍ പ്രസംഗം ഒഴിവാക്കി. സുപ്രീംകോടതിയുടെ ഭാഗമായി എന്നും ഉണ്ടാകും എന്ന് ബാര്‍ അസോസിയേഷന് എഴുതി നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറ‍ഞ്ഞു.

അയോധ്യ, ശബരിമല, റഫാല്‍, അസം പൗരത്വ രജിസ്റ്റര്‍ തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട്
കേസുകളില്‍ വിധി പറഞ്ഞ ശേഷമാണ് ജസ്റ്റിസ് ഗൊഗോയി വിരമിക്കുന്നത്. കേരളത്തിലെ സൗമ്യ കേസ് പരിഗണിച്ചതും ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു.

ഗുവാഹത്തിയിലുള്ള കുടുംബ വീട്ടില്‍ സ്ഥിരതമാസമാക്കാനാണ് ജസ്റ്റിസ് ഗൊഗോയിയുടെ തിരുമാനം. ഇസഡ് പ്ളസ് സുരക്ഷ നല്‍കണമെന്ന് അസം പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് എസ് എ ബോബ്ഡേ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിന് 11 മണിയോടെ സുപ്രീംകോടതിയിലെത്തി 47-ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.

ജസ്റ്റിസ് ബോബ്‌ഡെയ്ക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ 2021 ഏപ്രില്‍ 23 വരെ കാലാവധിയുണ്ട്. ബോബ്‌ഡെ 2000 മാര്‍ച്ചില്‍ മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയായി, 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായത്.

നാഗ്പുരിലെ അഭിഭാഷക കുടുംബത്തില്‍ ജനിച്ച ശരത് അരവിന്ദ് ബോബ്‌ഡെയുടെ പിതാവ് അരവിന്ദ് ബോബ്‌ഡെ മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലായിരുന്നു. മുതിര്‍ന്ന സഹോദരന്‍ വിനോദ് ബോബ്‌ഡെ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷിച്ച്‌ ക്ലീന്‍ ചിറ്റ് നല്‍കിയത്. ജസ്റ്റിസ് ഗൊഗോയ് വിരമിക്കുന്നതോടെ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായി സുപ്രിംകോടതി കൊളീജിയം പുനഃസംഘടിപ്പിക്കും. ശബരിമല കേസില്‍ ഏഴംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കുന്നതിലും ജസ്റ്റിസ് ബോബ്‌ഡെയുടെ നിലപാട് നിര്‍ണായകമാകും.