മുഖ്യമന്ത്രി കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി; വി മുരളീധരന് മറുപടി

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് ചട്ടം ലംഘിച്ചുവെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ എന്തും വിളിച്ചുപറയരുതെന്ന് കെ കെ ശൈലജ പറഞ്ഞു. മുഖ്യമന്ത്രി കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒരു ലംഘനവും ഉണ്ടായിട്ടില്ലെന്നും അടിസ്ഥാനവുമില്ലാതെ ഓരോന്ന് വിളിച്ചുപറയുകയാണോയെന്നും മന്ത്രി ചോദിച്ചു.

രോഗലക്ഷണങ്ങള്‍ ഉള്ളവരെ പരമാവധി വേഗതയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ അയക്കാനാണ് കേന്ദ്ര നിര്‍ദേശം. നാലാം തിയതി മുതല്‍ മുഖ്യമന്ത്രിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. തിയതി പറയുന്നതില്‍ ആശുപത്രി സൂപ്രണ്ടിന് തെറ്റുപറ്റിയതാണെന്നും കെ കെ ശൈലജ പറഞ്ഞു. കൊവിഡ് ചട്ടലംഘനത്തിന് മുഖ്യമന്ത്രിക്ക് എതിരെ കേസ് എടുക്കണമെന്ന് മന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണെന്ന് വി മുരളീധരന്‍ പ്രതികരിച്ചു. ‘കൊവിഡിയേറ്റ്’ എന്ന് മുഖ്യമന്ത്രിയെ വി മുരളീധരന്‍ ആക്ഷേപിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത് ആംബുലന്‍സില്ല. രോഗമുക്തനായി ആശുപത്രി വിടുമ്പോഴും മുഖ്യമന്ത്രി പ്രോട്ടോകോള്‍ പാലിച്ചിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.