കാനത്തിന് അന്ത്യാഭിവാദ്യമർപിച്ച് മുഖ്യമന്ത്രി, മൃതദേഹം ശനിയാഴ്ച തലസ്ഥാനത്തെത്തിക്കും

കൊച്ചി. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. എറണാകുളം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന വേദിയില്‍ നിന്നും മുഖ്യമന്ത്രി നേരിട്ട് എത്തുകയായിരുന്നു.

അമൃത ആശുപത്രിയിലെ ജീവനക്കാര്‍ക്കായിട്ടുള്ള പ്രവേശന കവാടത്തിലാണ് പൊതു ദര്‍ശന സൗകര്യം ഒരുക്കിയത്. കോണ്‍ഗ്രസ്, സിപിഐ, സിപിഎം നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കാനത്തിന്റെ ഭൗതിക ദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച മുഖ്യമന്ത്രി മുഷ്ടിചുരുട്ടി അഭിവാദ്യമര്‍പ്പിച്ചു.

കാനത്തിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം ജഗതിയിലെ വീട്ടിലും പിന്നീട് പിഎസ് സ്മാരകത്തിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നും വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.