ഇന്ന് 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ നമുക്ക് കഴിയുന്നുണ്ട്. എന്നാല്‍ ലോകത്താകെയുളള സ്ഥിതിഗതികള്‍ നമ്മെ അസ്വസ്ഥപ്പെടുത്തുന്നതായി പിണറായി പറഞ്ഞു. എല്ലാ മേഖലകളിലും നിന്ന് ഔദ്യോഗികമായി വിവരംലഭിച്ചാലേ കണക്ക് അന്തിമമായി പറയാനാവൂ.

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് കണക്ക്. കാസര്‍കോട്ട് ആറ് പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു

അതേസമയം കാസര്‍കോട് മെഡിക്കല്‍ കോളേജ് കൊറോണ ചികിത്സാ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം തയ്യാറാണെനന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,52,804 പേരാണ്. വീടുകളില്‍ 1,52,009 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ആശുപത്രികളില്‍ 795പേരും നിരീക്ഷണത്തില്‍ കഴിയുന്നു. തിങ്കളാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്. ഇതുവരെ 10716 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. കൊല്ലം,തൃശ്ശൂര്‍,കണ്ണൂര്‍ ജില്ലകളില്‍ ഒാരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്