രാഹുലിനെതിരെ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബാലാവകാശ കമ്മീഷൻ, കുട്ടികളെ രാഷ്‌ട്രീയ ഉപകരണമാക്കി

ന്യൂഡൽഹി. ഭാരത ജോഡോ യാത്രയുടെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുട്ടികളെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുന്നു. സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലാവകാശ കമ്മീഷൻ. രാഹുൽ ഗാന്ധിയുടെ നടപടി പ്രഥമദൃഷ്ട്യാ ചട്ടലംഘനമായി കണ്ടെത്തിയതിനെ തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ നടപടി എടുക്കാൻ ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയും ജവഹർ ബാൽ മഞ്ചും കുട്ടികളെ രാഷ്‌ട്രീയ ലാക്കോടെ ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിച്ചതായി ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിയിരിക്കുകയാണ്. കുട്ടികളെ രാഷ്‌ട്രീയമായി ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാദ്ധ്യമങ്ങളിൽ കോൺഗ്രസ് വ്യാപകമായി ഉപയോഗിക്കുന്നതായി ബാലാവകാശ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ പ്രായപൂർത്തിയാകാത്തവർ പങ്കെടുക്കുന്നതും അവരെ പങ്കെടുപ്പിക്കുന്നതും ചട്ട വിരുദ്ധമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമാണ് ഇത്തരം പ്രവർത്തനങ്ങൾ വഴി രാഹുൽ ഗാന്ധി ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ നടപടി എടുക്കാൻ ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപെട്ടിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ നടപടി പ്രഥമദൃഷ്ട്യാ ചട്ടലംഘനമായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരത്തിൽ നിർദേശം നൽകിയിട്ടുള്ളത്. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തിൽ നീണ്ടകാലം തെറ്റായ സ്വാധീനത്തിന് വഴിയൊരുക്കും. ഇതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകുകയാണെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.