‘കുട്ടികളെ വാഹനങ്ങളില്‍ ബാക്കിലിരുത്തണം, രണ്ടു വയസിനു താഴെ ബേബി സീറ്റ് വേണം, ബാലാവകാശ കമ്മിഷന്റെ ഉത്തരവ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനങ്ങളിൽ വാഹനങ്ങളില്‍ അവരെ പിൻ സീറ്റിൽ തിരുത്തണമെന്നും രണ്ടു വയസിനു താഴെ ബേബി സീറ്റ് നിർബന്ധമാക്കണമെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിറക്കി. യാത്രാ വാഹനങ്ങളിൽ കുട്ടികളെ സീറ്റ് ബെൽറ്റ് ധരിപ്പിക്കണം. കുട്ടികളുമായി യാത്ര ചെയ്യുന്ന ഏത് ഫോർ വീലറിലും വിൻഡ്ഷീൽഡിൽ ‘ചൈൽഡ് ഓൺ ബോർഡ്’ അല്ലെങ്കിൽ ‘ബേബി ഓൺ ബോർഡ്’ എന്ന അറിയിപ്പ് കർശനമായും പ്രദർശിപ്പിക്കണം.

13 വയസില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റില്‍ മാത്രമേ ഇരുത്താവൂ എന്നും രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തീർച്ചയായും ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മീഷൻ നിർദേശിക്കുന്നു. നിയമലംഘനം ഉണ്ടായാൽ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികളുമായി യാത്ര ചെയ്യുന്നവർ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം ഡ്രൈവ് ചെയ്യണമെന്ന അവബോധം പരിശീലനം പൂർത്തിയാക്കി ഡ്രൈവിംഗ് ലൈസൻസ് നേടുന്നവർക്ക് നൽകണം. രണ്ടു വയസിന് താഴെയുള്ളവര്‍ക്ക് ബേബി സീറ്റ്, കുട്ടികളുടെ പിന്‍സീറ്റ് യാത്ര തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും ഉള്‍പ്പെടുത്തണം എന്നും കമ്മീഷൻ നിർദേശിച്ചിരിക്കുകയാണ്.

ഏത് വാഹനത്തിലായാലും എല്ലാ ഡ്രൈവർമാരും കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അപകടങ്ങളോ മറ്റും ഉണ്ടാകാതിരിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. കാറുകളില്‍ കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതു പോലെ ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റും സുരക്ഷ ബെല്‍റ്റും നിര്‍ബന്ധമാണ്. നാലു വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ ഒരു യാത്രക്കാരനായാണ് പരിഗണിക്കുന്നത്. ഇക്കാരണത്താൽ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിപ്പിക്കണമെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ 2019-ലെ ഭേദഗതിയില്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.