ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക ; വെടിവെച്ചത് സമുദ്രത്തിന് മീതെ പ്രവേശിച്ചതിന് പിന്നാലെ

വാഷിങ്ടൺ : യു എസ് വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ടു. യുഎസ് സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ ബലൂൺ പ്രവേശിച്ചപ്പോഴാണ് അമേരിക്കൻ സൈന്യം യുദ്ധവിമാനങ്ങളിലെ മിസൈൽ ഉപയോഗിച്ച് ബലൂൺ വെടിവെച്ചിട്ടത്. പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ബലൂണിനെ തകർത്തത്. സമുദ്രത്തിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിദഗ്ധപരിശോധന നടത്തും.

ജനവാസമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ വെടിയുതിർത്താൽ ബലൂണിന്റെ അവശിഷ്ടങ്ങൾ താഴേയ്‌ക്ക് പതിച്ച് വലിയ അപകടമുണ്ടായേക്കും. ഇതിനാലാണ് വെടിവെയ്‌ക്കാൻ വൈകിയത്. ബലൂൺ സമുദ്രത്തിന് മീതെ പ്രവേശിച്ച ഉടൻ ബലൂൺ വെടിവച്ചു വീഴ്‌ത്താൻ പ്രസിഡന്റ് ബൈഡൻ അനുമതി നൽകുകയായിരുന്നു. അതേസമയം അമേരിക്കൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുൻപ് ബലൂണിനെക്കുറിച്ച് ബൈഡന് അറിയാമായിരുന്നെന്നും അക്കാര്യം അദ്ദേഹം മറച്ചുവച്ചെന്നും ആരോപണമുയർന്നിട്ടുണ്ട്.

വെടിയുതിർക്കുന്നതിന്റെ മുന്നോടിയായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. നേരത്തെ ബലൂൺ വിവാദത്തെ തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് യാത്ര റദ്ദാക്കിയിരുന്നു. എന്നാൽ അമേരിക്കൻ ആകാശത്തേക്കു വഴിതെറ്റിയാണ് ബലൂൺ എത്തിയതെന്നാണ് ചൈനയുടെ വാദം.

ചൈനയുടെ ചാരബലൂൺ ലാറ്റിൻ അമേരിക്കയിലും കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് പ്രതിരോധ വിഭാഗമായ പെന്റഗൺ വക്താവ് പാറ്റ് റൈഡർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലാറ്റിൻ അമേരിക്കയിൽ കണ്ടെത്തിയ ചാരബലൂണിനെ അമേരിക്കൻ പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥർ ഇപ്പോൾ നിരീക്ഷിച്ചു വരികയാണ്.