നിയമസഭയില്‍ പുറംതിരിഞ്ഞ് നിന്നു; ആലപ്പുഴ എംഎല്‍എ ചിത്തരഞ്ജന് സ്പീക്കറുടെ വിമര്‍ശനം

തിരുവനന്തപുരം/ നിയമസഭയിലെ പെരുമാറ്റത്തിന് ആലപ്പുഴ എംഎല്‍എ പിപി ചിത്തഞ്ജന് സ്പീക്കറുടെ വിമര്‍ശനം. നിയമസഭയില്‍ പുറംതിരിഞ്ഞ് നിന്നതിനും എഴുനേറ്റ് നടന്നതിനുമാണ് ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജനെ സ്പീക്കര്‍ വിമര്‍ശിച്ചത്.

സഭയില്‍ അംഗങ്ങള്‍ ക്രമം പാലിക്കണമെന്നും ഇത് ആവര്‍ത്തിച്ച് പറയേണ്ടിവരുന്നത് നിര്‍ഭാഗ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മന്ത്രി പി രാജീവ് മറുപടി പറയുമ്പോഴായിരുന്നു സംഭവം. മന്ത്രി പി രാജീവിന് സമീപം എഴുനേറ്റ് പുറംതിരിഞ്ഞ് നിന്ന് മറ്റ് അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പിപി ചിത്തരഞ്ജന്‍ എംഎല്‍എ.

രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇത് തുടര്‍ന്നതോടെയാണ് സ്പീക്കര്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്. രാഷ്ട്രീയ വിവാദങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയും ഗൗരവമായ ചര്‍ച്ചകളില്‍ താല്‍പര്യം കാണിക്കാതിരിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയില്‍ അംഗങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതും ചെയറിനു മുന്നില്‍ പിന്തിരിഞ്ഞ് നില്‍ക്കുന്നതും ശരിയായ നടപടിയല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.