അടിമുടി മാറ്റങ്ങളുമായി ആയുഷ്മാന്‍ ഭാരത്

രാജ്യത്തെ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യപ്പെട്ടിരുന്ന പ്രധാനമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് അടിമുടി മാറ്റങ്ങളുമായി എത്തുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി നിര്‍ദ്ധനര്‍ക്ക് 15 ലക്ഷത്തിന്റെ വരെ സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തില്‍ പദ്ധതിയില്‍ മാറ്റം വരുത്തുകയാണ് കേന്ദ്രം. ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത ചികിത്സകള്‍ക്ക് കൂടി സഹായം ത്തെിക്കാന്‍ ഇതിലൂടെ സാധിക്കും. സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് കേന്ദ്രത്തിന്റെ നടപടി. ആയുഷ്മാന്‍ പദ്ധതിയുടെ ഗുണം രാജ്യത്തെ 90 കോടിയിലേക്ക് എത്തിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സാധാരണക്കാരുടെ സര്‍ക്കാരാണ് മോദി സര്‍ക്കാരെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത തരം ചികിത്സകള്‍ക്ക്, രാഷ്ട്രീയ ആരോഗ്യ നിധിയില്‍ നിന്ന് 15 ലക്ഷം രൂപ വരെ സഹായം നല്‍കാനാണ് കേന്ദ്ര നിര്‍ദേശം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള പദ്ധതിയാണ് രാഷ്ട്രീയ ആരോഗ്യ നിധി. അന്തിമ ഘട്ടത്തിലെത്തിയ വൃക്കരോഗങ്ങള്‍,വൃക്കകള്‍ക്ക് രക്തം ശുദ്ധീകരിക്കാന്‍ സാധ്യമല്ലാതായ അവസ്ഥ, കരള്‍ രോഗങ്ങള്‍, മജ്ജ വളരാത്തതിനാല്‍ രക്തകോശങ്ങള്‍ കുറഞ്ഞുവരുന്ന രോഗം, അവയവം മാറ്റിവയ്ക്കേണ്ടിവരുന്ന അവസ്ഥയില്‍ എത്തിയ അര്‍ബുദം തുടങ്ങിയവ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍, ഇവയ്ക്ക് സൗജന്യ ചികിത്സയും ലഭ്യമായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് ഈ ചികിത്സ വേണ്ടിവന്നാല്‍ അവര്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ഇവ ലഭ്യമാക്കും. ഇതിന് പതിനഞ്ചു ലക്ഷം രൂപ വരെ രാഷ്ട്രീയ ആരോഗ്യ നിധിയില്‍ നിന്ന് അനുവദിക്കും. കേന്ദ്രത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

ഒരൊറ്റ തവണയായിട്ടാണ് പണം നല്‍കുക. ഇത്തരം രോഗമുള്ള ചിലര്‍ ചികിത്സ ലഭ്യമാകാതെ മരണമടഞ്ഞത് വാര്‍ത്തകളായിരുന്നു. തുടര്‍ന്നാണ് കേന്ദ്രം ആയുഷ്മാന്‍ ഭാരതിലെ അപാകത പരിഹരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. അപ്ലാസ്റ്റിക് അനീമിയയ്ക്ക് മജ്ജ മാറ്റിവയ്ക്കുക മാത്രമാണ് പോംവഴി. ഇതിന് എയിംസില്‍ 12 ലക്ഷത്തോളം രൂപ വേണ്ടി വരും. ഈ രോഗം ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരാള്‍ക്ക് ഒരു വര്‍ഷം 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സയാണ് പദ്ധതി പ്രകാരം നല്‍കുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്കു പുറമേ ഇത്തരം അപൂര്‍വ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കും ഇനി ധനസഹായം ലഭിക്കും.

ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തെ 90 കോടി ജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തെയും പദ്ധതിയുടെ ഭാഗമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും സമൂഹത്തിലെ ദുര്‍ബലരായ നിരവധി വിഭാഗങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരുന്നതിനാല്‍ കാലക്രമേണ ജനസംഖ്യയുടെ 70 ശതമാനവും പദ്ധതിയുടെ ഭാഗമാകുമെന്ന് മേല്‍നോട്ട ഏജന്‍സിയായ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് എന്‍എച്ച്എ പഠനം നടത്തിയത്.

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 ന് തുടക്കം കുറിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ 10.74 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് ഇതുവരെ ലഭിച്ച് കൊണ്ടിരുന്നത്. നിലവില്‍ 50 കോടിയോളം ജനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഹൃദയ ശസ്ത്രക്രിയകള്‍,അവയവമാറ്റ ശാസ്ത്രക്രിയ,സ്റ്റെന്റ്-ഇംപ്ലാന്റ് ഘടിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ രണ്ടാം ഘട്ട, മൂന്നാം ഘട്ടം ചികിത്സാ സേവനങ്ങളാണ് പദ്ധതി മുഖേന ലഭിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ കൂടുതല്‍ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

നിര്‍ദ്ധനര്‍ക്ക് ഇത്രയേറെ ഗുണം ചെയ്യുന്ന പദ്ധതി ബിജെപി സര്‍ക്കാരിനോടുള്ള വിദ്വേഷത്തില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍, ഡല്‍ഹി, തെലങ്കാന,ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കാന്‍ തയ്യാറാകാത്തതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞിരുന്നു. രാജ്യത്തെ 55 കോടി പാവപ്പെട്ട ജനങ്ങളാണ് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച് വരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 82 ലക്ഷം ജനങ്ങള്‍ക്കാണ് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചത്. പദ്ധതിയുടെ ഗുണം 90 കോടി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇതുവരെ 1.5 ലക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2022 ആകുമ്പോഴേക്കും 40, 0000 കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മിക്കും. രാജ്യത്തെ 12. 04 കോടി ജനങ്ങള്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ക്ക് ഉടമകളാണ്. ബാക്കിയുള്ള 43 കോടി ജനങ്ങള്‍ക്കു കൂടി കാര്‍ഡ് നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.