മലപ്പുറത്ത് വസ്ത്രങ്ങൾക്ക് നിറം നൽകുന്ന റോഡ്മിൻ ബി ചേർത്ത് മിഠായി നിർമ്മാണം, കൈയ്യോടെ പിടികൂടി ഭക്ഷ്യ സുരക്ഷാ വകുപ്പ്

മലപ്പുറം : വസ്ത്രങ്ങൾ മുക്കാൻ ഉപയോഗിക്കുന്ന റോഡമിൻ ബി എന്നറിയപ്പെടുന്ന നിറപ്പൊടി റം ഉപയോഗിച്ച് നിർമ്മിച്ചെടുത്ത മിഠായികൾ പിടികൂടി. തിരൂരിൽ ബിപി അങ്ങാടി നേർച്ച ആഘോഷ സ്ഥലത്താണ് സംഭവം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

ആരോഗ്യത്തിന് ഹാനികരമാകും വിധത്തിലുള്ള നിറം കലർത്തിയ മിഠായികളാണ് വിൽപ്പനയ്‌ക്ക് എത്തിച്ചിരുന്നത്. തിരൂരിൽ ഇത്തരം മിഠായികൾ പിടികൂടിയതിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്തിലുള്ള സംഘം നിർമ്മാണ കേന്ദ്രങ്ങളിൽ കൂടി പരിശോധന നടത്തി.

പരിശോധനയിൽ ഇവിടെ നിന്നും അനധികൃത ഉത്പാദനം കണ്ടെത്തിയതിന് പിന്നാലെ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപയോളം പിഴ ചുമത്തി. മിഠായിയുടെ സാമ്പിൾ കോഴിക്കോട് റീജണൽ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്‌ക്കായി അയച്ചു.