കൊറോണ വരാത്ത നിരവധി പേരുള്ളതുകൊണ്ടാണ് കേരളത്തിൽ രോഗബാധിതരുടെ എണ്ണം ഉയർന്നു നിൽക്കുന്നത്: മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും കൊറോണ ബാധിക്കാത്ത അനവധിയാളുകൾ കേരളത്തിൽ ഉള്ളതുകൊണ്ടാണ് പോസിറ്റീവ് കേസുകൾ എപ്പോഴും ഉയർന്ന് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ഗതിയിൽ ഒരു തവണ കൊറോണ ബാധിച്ചവർക്ക് പെട്ടെന്ന് വീണ്ടും രോഗം പിടിപെടാറില്ല. എന്നാൽ കേരളത്തിൽ ഇനിയും നിരവധിയാളുകൾ ഈ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു നിൽക്കുന്നത് കൊണ്ടാണ് പോസിറ്റീവ് കേസുകൾ കൂടി നിൽക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലായിടത്തും കൊറോണ ബാധ കൂടുതലായി നിന്നപ്പോൾ കേരളം പ്രതിരോധം തീർത്തു. കുറ്റപ്പെടുത്തുന്നവരുടെ ലക്ഷ്യം വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമായതിനാലാണ് രോഗവ്യാപനം പിടിച്ചുനിർത്താനായതെന്നും കുറഞ്ഞ മരണനിരക്കെന്നും അവകാശപ്പെട്ട മുഖ്യമന്ത്രി, വാക്‌സിനെടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണമെന്നും ആവശ്യപ്പെട്ടു. വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ പ്രതിരോധ കുത്തിവെയ്പ്പിന് തയ്യാറാകണം. ഡിസംബർ പകുതിയോടെ രണ്ടാം ഡോസ് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.