സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല, ഇത് കുതന്ത്രം, കുറ്റപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം അത് ഉന്നയിക്കാതെ പ്രതിക്ഷേധിച്ച പ്രതിപക്ഷത്തിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യപരമായി ഉപയോഗിക്കേണ്ട അവസരം ഉപയോഗപ്പെടുത്താതെ അസഹിഷ്ണുത കാണിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കപ്പെട്ടാല്‍ അതിനുള്ള മറുപടി പറയാന്‍ അവസരമുണ്ടാകരുതെന്ന തന്ത്രമാണ് പ്രതിക്ഷം പയറ്റിയത്.-മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ, നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത കാര്യമാണ് ഇന്ന് സഭയില്‍ ഉണ്ടായത്. വിവിധ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള വിഷയങ്ങള്‍ സഭയില്‍ വരാറുണ്ട്. കല്‍പറ്റ അംഗം ഇന്ന് ഒരു അടിയന്ത പ്രശ്‌നത്തിന് നോടാടീസ് നല്‍കിയ ശേഷം ഒരു കാരണവശാലും സഭയുടെ പരിഗണനയില്‍ വരരുതെന്ന രീതിയിലാണ് പ്രതിക്ഷ അംഗങ്ങള്‍ പെരുമാറിയത്. വിഷയം ചര്‍ച്ചചെയ്യുന്നതിനെ കുറിച്ച സ്പീക്കര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ പ്രതിഷേധം തുടരുകയായിരുന്നു.

ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് എന്തിനാണെന്ന് വിശദീകരിക്കാന്‍ പ്രതിപക്ഷത്ത് നിന്നും ആരും തയ്യാറായില്ല. അവര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചതെന്തിനെന്ന് വിശദീകരിക്കാതെ പ്രതിഷേധവും ബാനര്‍ ഉയര്‍ത്തലുമൊക്കെയായി സ്പീക്കറുടെ അടുത്തേക്ക് ചെല്ലുകയാണ് ചെയ്തത്. ചട്ടവിരുദ്ധമായി പെരുമാറിയ ശേഷം ഇന്നത്തെ പ്രതിഷേധം എന്തിനെന്ന് പോലും വിശദമാക്കാന്‍ പ്രതിപക്ഷ നേതാവിനായില്ല.

ചോദ്യോത്തര വേള കൃത്യമായി കടന്നുപോകണമെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്നത്. ഒരുപാട് പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്ന ആ സമയം പോലും കാരണം വ്യക്തമാക്കാതെയാണ് പ്രതിപക്ഷം ബഹളം തുടര്‍ന്നത്. അടിയന്തര പ്രമേയം അവതരിപ്പിച്ചാലുള്ള സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാന്‍ തയ്യാറല്ലാത്തതിനാലാണ് പ്രമേയം പോലും ഉന്നയിക്കാതെ ബഹളം തുടര്‍ന്നത്.