വേദനയില്‍ പുളഞ്ഞപ്പോഴും മെറിന്‍ പറയുന്നുണ്ടായിരുന്നു എനിക്കൊരു കുഞ്ഞുണ്ട്, സഹപ്രവര്‍ത്തക പറയുന്നു

കോറല്‍ സ്പ്രിങ്‌സ്: അമേരിക്കയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് മലയാളി നഴ്‌സായ മെറിന്‍ ജോയിയുടെ കൊലപാതകം. നെവിനില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് താന്‍ താമ്പയിലേക്ക് മാറാന്‍ ഒരുങ്ങുന്നതെന്ന് കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിനോടെ മെറിന്‍ പറഞ്ഞിരുന്നു. കോവിഡ് വാര്‍ഡിലായിരുന്നു മെറിന്‍ ജോലി ചെയ്തിരുന്നത്.

‘ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്. പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’ – മെറിന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു.

ഭര്‍ത്താവ് നെവിന്‍ അപകടപ്പെടുത്തുമെന്ന് മെറിന്‍ നേരത്തെ തന്നെ ഭയപ്പെട്ടിരുന്നു എന്നാണ് വിവരം. അതിനാല്‍ തന്നെ ബ്രോവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ ജോലി അവസാനിപ്പിച്ചു മറ്റൊരിടത്തു പുതിയൊരു ജോലിക്കായി മെറിന്‍ ശ്രമിച്ചത്. ഭര്‍ത്താവില്‍ നിന്നും അകന്ന് അയാളുടെ കണ്ണെത്താത്തിടത്ത് പുതയൊരു ജീവിതം കെട്ടിപ്പെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു മെറിന്‍. എന്നാല്‍ ആ കണക്കുകൂട്ടല്‍ എല്ലാം തകിടംമറിച്ചുകൊണ്ടായിരുന്നു നെവിന്റെ ആക്രമണം. സഹപ്രവര്‍ത്തകരോട് യാത്രപറഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാര്‍പാര്‍ക്കിങ്ങില്‍ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ മറഞ്ഞിരിക്കുന്നു എന്ന് മെറിന്‍ അറിഞ്ഞിരുന്നില്ല.

ബ്രോവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ മെറിന്റെ അവസാന ദിവസമായിരുന്നു ഇന്നലെ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഭര്‍ത്താവ് ഫിലിപ് മാത്യു(നെവിന്‍) മെറിനെ ദാരുണമായി കൊലപ്പെടുത്തിയത്. ഏറെ നാളുകളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. ബ്രോവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ ജോലി അവസാനിപ്പിച്ച് താമ്പയിലേക്ക് താമസം മാറാനായി തയ്യാറെടുക്കുകയായിരുന്നു മെറിന്‍.

ഇരുവരും തമ്മിലുള്ള പ്രശ്‌നമാണ് മെറിനെ നെവിന്‍ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മെറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് നെവിന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാത്ത് നിന്നത് എന്നാണ് വിവരം. മിഷിഗണിലെ വിക്‌സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്‌സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മെറിന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാത്തു നില്‍ക്കുകയും ചെയ്തു.