ഉക്കടം സ്ഫോടന കേസ്, തമിഴ്നാട്ടിൽ നാല് പേർ കൂടി അറസ്റ്റിൽ, എൻഐഎ റെയ്ഡ് അവസാനിച്ചു

ചെന്നൈ : കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടന കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. ശനിയാഴ്ച തമിഴ്നാട്ടിൽ വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ അറസ്റ്റ്. കോയമ്പത്തൂരിലെ കോവൈ അറബിക് കോളേജുമായി ബന്ധമുള്ള ജമീൽ ബാഷ ഉമരി, മൗലവി ഹുസൈൻ ഫൈസി, ഇർഷാദ്, സയ്യദ് അബ്ദുർ റഹ്‌മാൻ ഉമരി എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്ക് കാർ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതിലുൾപ്പടെ പങ്കുണ്ടെന്നാണ് എൻഐഎ സൂചന നൽകുന്നത്. ആറ് ലാപ്‌ടോപ്പും 25 മൊബൈൽ ഫോണുകളും എൻഐഎ റെയ്ഡിൽ പിടിച്ചെടുത്തിരുന്നാണ്. തുടർന്നാണ് കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2022 ഒക്ടോബർ 23-നായിരുന്നു കോയമ്പത്തൂർ ഉക്കടത്തെ ഈശ്വരൻകോവിൽ തെരുവിലെ സംഗമേശ്വര ക്ഷേത്രത്തിനുമുന്നിൽ വച്ച് കാർ പൊട്ടിത്തെറിച്ചത്. വാഹനം ഓടിച്ചുവന്ന് സ്ഫോടനം നടത്തിയ ജമീഷ മുബീൻ എന്ന യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. മുബീൻ ചാവേർ ആയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.