കളക്ടർ മാമൻ ഇനി തൃശ്ശൂരിൽ ; പടിയിറക്കം കൊറോണ ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കിയ ശേഷം

ചുമതലയേറ്റെടുത്തത് മുതൽ കുട്ടികളെ ചേർത്ത് പിടിച്ച കൃഷ്ണ തേജ എന്ന കളക്ടർ ,ആലപ്പുഴയിലെ കുരുന്നുകളുടെ കളക്ടർ മാമൻ  സ്ഥലംമാറി പോകുമ്പോൾ അദ്ദേഹത്തെ ഏറെ മിസ് ചെയുന്നത് ആലപ്പുഴയിലെ കുഞ്ഞുങ്ങൾക്ക് തന്നെയാണ്. ചാർജ്ജെടുത്ത മുതൽ കുഞ്ഞുങ്ങളുടെ ചങ്കായി മാറിയ കളക്ടർ മാമൻ ഇനി തൃശ്ശൂരി ഉണ്ടാകും. ചുമതലയൊഴിയുന്നത് കൊറോണ ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കിയ ശേഷമാണ് എന്നതും കൃഷ്ണാതേജയുടെ ജനസമ്മതി കൂട്ടും. ആറ് മാസത്തിനുള്ളിൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് കുട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ കളക്ടർ വി ആർ കൃഷ്ണ തേജ ഉറപ്പ് നൽകി. ഇന്നലെ വൈകിട്ടാണ് കളക്ടർ സ്ഥാനമൊഴിഞ്ഞത്. എഡിഎം എസ്.സന്തോഷ്‌കുമാറിനാണ് ചുമതല കൈമാറിയത്.

സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യാത്രയയപ്പിലും കൃഷ്ണ തേജ പങ്കെടുത്തു. ജില്ലാ കലക്ടറായി ചുമതല എടുത്ത വി.ആർ.കൃഷ്ണ തേജയുടെ ആദ്യ ഉത്തരവ് ജില്ലയിലെ കുട്ടികൾക്കായതായിരുന്നു. ‘പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ…’ എന്ന് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ ഇന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെന്നും വെള്ളത്തിൽ ചാടാനോ, ചൂണ്ടയിടാനോ പോകരുതെന്നും പറഞ്ഞു . അവധിയെന്ന് കരുതി മടിപിടിച്ചിരിക്കാതെ പാഠഭാഗങ്ങൾ മറിച്ചു നോക്കണം എന്ന പറഞ്ഞ് അവസാനിക്കുന്ന പോസ്റ്റ് വൈറലാകാൻ മിനിറ്റുകൾ മാത്രമാണ് വേണ്ടി വന്നത്.

വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിക്ക് വൈദ്യുതി പുനസ്ഥാപിച്ച് നൽകി ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ. മാവേലിക്കര അറുന്നൂറ്റിമം​ഗലം സ്വദേശിയായ അർജുൻ കൃഷ്ണ എന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് തന്റെ സങ്കടം പറഞ്ഞുകൊണ്ട് കളക്ടർ മാമന് കത്തെഴുതിയത്. മാസങ്ങളായി വീട്ടിൽ കറണ്ടില്ലെന്നും മെഴുകുതിരി വെട്ടത്തിലാണ് കുടുംബം ജീവിക്കുന്നത് എന്നും കത്തിൽ പറയുന്നുണ്ട്. വെളിച്ചമില്ലാത്തതിനാൽ വീട്ടിലിരുന്ന് പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും കുരുന്ന് കത്തിൽ പറഞ്ഞു. കളക്ടർ ഉടനെ തന്നെ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് കെഎസ്ഇബിയിൽ അടയ്ക്കാനുണ്ടായിരുന്ന പണമടച്ച് വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുകയായിരുന്നു.

തുടർന്ന് വ്യാഴാഴ്ച അർജുന്റെ വീട് സന്ദർശിച്ചു. വീട്ടിൽ എട്ട് വർഷമായി ടിവി ഇല്ലെന്ന് പറഞ്ഞ അർജുന് ഒരു ടിവി സമ്മാനമായി നൽകി. സാധാരണ ജനങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് എന്താണ് പ്രേതീക്ഷിക്കുന്നത് എന്നതിന് ഉത്തമ മാതൃകയാണ് കൃഷ്‌ണ തേജ ഐ എ എസ്. അമ്മമാർക്കു മകനായും കുട്ടികൾക്കു മാമനായും തൻ്റെ മുന്നിലേക്ക് ഏതൊരു മനുഷ്യനും വലുപ്പ ചെറുപ്പം ഇല്ലാതെ എത്താൻ കഴിയാനും അവരെ കേൾക്കാനും അവരിൽ ഒരാളായി മാറാനും കഴിയുന്നതാണ് കൃഷ്‌ണ തേജയെ ജനകീയനാക്കുന്നത്.

ഈ കരുതൽ ആണ് ജനങ്ങൾക് വേണ്ടത്. ആലപ്പുഴയിൽ നിന്ന് മാറി തൃശ്ശൂർ ജില്ലാ കളക്ടർ ആയി പോകുന്ന കൃഷ്‌ണ തേജ ഐ എ എസ് ഒരുനാട് മുഴുവൻ നൽകുന്ന സ്നേഹം സമൂഹത്തിന് നൽകുന്നത് ഒരു സന്ദേശം കൂടിയാണ്. സാധാരണകാരായ ജനങ്ങളോട്‌ എങ്ങനെ പെരുമാറണം എന്ന് മനസ്സിലാക്കി തരുന്നു.
അതുകൊണ്ട് തന്നെ കൃഷ്‌ണ തേജയുടെ സ്ഥലമാറ്റം ഒരു നാട്ടിലെ ജനങ്ങൾക്കു തന്നെ വിങ്ങലാകുന്നത്. അതിനു ഒരു ഉദാഹരണം തന്നെയാണ് ഒരു സ്‌കൂൾ പ്രോഗ്രാമിനിടയിൽ ഒരു കുട്ടി ചോദിച്ചു സാർ ഞങ്ങളുടെ ക്ലാസ് റൂം ഹൈടെക് അല്ല ഹൈടെക് ആക്കി തരുമോ എന്ന്? മൂന്നു ദിവസം കൊണ്ട് തന്നെ കുഞ്ഞുമക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്തു. ഏഴരമാസക്കാലം എല്ലാവരും നൽകിയ അകമഴിഞ്ഞ പിന്തുണയ്‌ക്കും സ്നേഹത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

തൃശ്ശൂർ കളക്ടർ ഹരിത.വി.കുമാർ ആണ് ആലപ്പുഴയിലേക്ക് എത്തുക. ആലപ്പുഴ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ശമ്പളം ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയ്‌ക്ക് കൈമാറിയത് അടക്കം ഹൃദയം തൊടുന്ന പല തീരുമാനങ്ങൾ കൊണ്ട് ജില്ലയ്‌ക്ക് പ്രിയപ്പട്ടയവനായി കൃഷ്ണ തേജ മാറിയത് വളരെ വേഗമായിരുന്നു. ജില്ലയുടെ പ്രിയപ്പെട്ട കളക്ടർ മാമൻ ഇനി തൃശ്ശൂരിൽ ചുമതല ഏൽക്കും.