
കാസർകോട്: തന്റെ പരാമർശങ്ങൾ കൊണ്ട് കോളേജിലെ വിദ്യാർത്ഥികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും കോളേജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനും നിർവ്യാജം മാപ്പു പറയുന്നുവെന്ന് കാസർകോട് ഗവൺമെന്റ് കോളേജിലെ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്നു ഡോ രമ. എന്നാൽ എസ്എഫ്ഐയെ വാർത്താക്കുറിപ്പിൽ വിമർശിക്കുകയും, എസ്എഫ്ഐ തന്നെ കൊല്ലാൻ ശ്രമിച്ചെന്നും രമ പ്രതികരിച്ചു.
എസ്എഫ്ഐ തനിക്കെതിരെ അപവാദ പ്രചാരണം തുടരുന്നു. നേരത്തേ ആസൂത്രണം ചെയ്ത രീതിയിൽ ആൾക്കൂട്ടം സൃഷ്ടിച്ച് ദേഹോപദ്രവമേൽപിച്ച് കൊല്ലുവാനുള്ള ശ്രമം എസ് എഫ് ഐ നടത്തിയെന്നും അധ്യാപിക പറയുന്നു. വാർത്താക്കുറിപ്പിൽ അക്കമിട്ട് നിരത്തിയാണ് ഡോ രമ തന്റെ വാദങ്ങൾ ഉന്നയിക്കുന്നത്. ‘കുടിവെള്ളത്തിലെ പ്രശ്നം പറയാൻ വന്ന വിദ്യാർത്ഥികളെ മുറിയിൽ പൂട്ടിയിട്ടുവെന്ന് ആരോപിച്ച് എസ് എഫ് ഐ തുടങ്ങിയ അക്രമ സമരം എന്നെ പ്രിൻസിപ്പാൾ ചുമതലയിൽ നീക്കുന്നതിൽ കലാശിച്ചുവെങ്കിലും അപവാദ പ്രചരണങ്ങൾ നിർത്തിയിട്ടില്ല.
കോളേജിലെ പ്രശ്നങ്ങൾ അന്വേഷിച്ചുവന്ന ഒരു മാധ്യമപ്രവർത്തകന് ഞാൻ നൽകിയ അഭിമുഖം എന്റെ ഭർത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണെന്ന പച്ചക്കള്ളം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്. കോളേജിലെ എന്റെ അനുഭവത്തിലും അറിവിലും വന്ന കാര്യങ്ങൾ ഞാൻ ചാനൽ ലേഖകനോട് സംസാരിച്ചത് എന്റെ ഉത്തരവാദിത്തത്തിലാണ്. അതിനു മാത്രമുള്ള അറിവും കഴിവും എനിക്കുണ്ട്.
എന്റെ ഭർത്താവിനെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ടമാണ്. കോളേജ് കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്യാറില്ലെന്നും അവർ പറയുന്നു. ഫെബ്രുവരി 23 ന് അക്രമാസക്തമായ സമരമാണ് എസ് എഫ് ഐ തനിക്കെതിരെ നടത്തിയതെന്ന് അവർ ആരോപിക്കുന്നു. പോലീസ് സംരക്ഷണമുണ്ടായിരുന്നുവെങ്കിലും അതിനിടയിൽ നേരത്തേ ആസൂത്രണം ചെയ്ത രീതിയിൽ ആൾക്കൂട്ടം സൃഷ്ടിച്ച് തന്നെ ദേഹോപദ്രവമേല്പിച്ച് കൊല്ലുവാനുള്ള ശ്രമം അവർ നടത്തി.
സമരത്തിനു ശേഷം അന്ന് വൈകിട്ട് തന്നെ കോളേജിൽ വെച്ച് കണ്ട ചാനൽ ലേഖകനോട് വികാരക്ഷോഭത്തോടെ സംസാരിച്ചപ്പോൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില പരാമർശങ്ങൾ ഉണ്ടായി. കോളേജിലെ ചില വിദ്യാർത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞപ്പോൾ അത് മൊത്തം വിദ്യാർത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇട വന്നിട്ടുണ്ടെങ്കിൽ അത് ഖേദകരമാണ്. എന്റെ പരാമർശങ്ങൾ കൊണ്ട് കോളേജിലെ വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും കോളേജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനും ഞാൻ ഇതിനാൽ നിർവ്യാജം മാപ്പു പറയുന്നുവെന്നും അദ്ധ്യാപിക പറഞ്ഞു.