വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്താന്‍ സഹായിച്ചത് ചെന്നൈ സ്വദേശി ഷാന്‍

ചെന്നൈ: ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിനിടെ തകര്‍ന്ന ഇന്ത്യയുടെ വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ നാസയെ സഹായിച്ചത് ചെന്നൈയില്‍ നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനിയര്‍.
ഷണ്‍മുഖം സുബ്രമണ്യന്‍ എന്നയാളാണ് വിക്രംലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചിത്രങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞത്. ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്തു നിന്ന് 700 മീറ്റര്‍ കിഴക്കു-പടിഞ്ഞാറ് മാറിയാണ് ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ നാസ കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ കേവലം 500 മീറ്റര്‍ മാത്രം ബാക്കിയിരിക്കെ ബംഗളൂരു പീനിയയിലെ ഇസ്രോയുടെ ടെലി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡിങ് സെന്ററുമായി ബന്ധം അറ്റ വിക്രം ലാന്‍ഡര്‍ എവിടെയെന്ന ചോദ്യത്തിന് നാസയുടെ ലൂണാര്‍ റക്കനൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ഈ ചിത്രങ്ങള്‍ മറുപടി നല്‍കുകയായിരുന്നു.

സെപ്തംബറിലാണ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിനിടെ വിക്രം ലാന്‍ഡര്‍ തകര്‍ന്നത്. ബഹിരാകാശ തല്‍പരനായ ഷാന്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനിയര്‍ക്ക് ഇതിന്‍റെ ക്രെഡിറ്റ് നാസ നല്‍കുകയും ചെയ്തു.
തിങ്കളാഴ്ചയാണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം നാസ ലോകത്തെ അറിയിച്ചത്. ചിത്രം ഉള്‍പ്പെടെയായിരുന്നു നാസ ട്വീറ്റ് ചെയ്തത്. ലൂണാര്‍ ഓര്‍ബിറ്റര്‍ ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ രണ്ട് ഡസനോളം സ്ഥലങ്ങളിലായി കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്നതായാണ് ചിത്രത്തിലുള്ളത്.

പച്ച നിറത്തില്‍ കാണുന്നതാണ് ലാന്‍ഡര്‍ അവശിഷ്ടങ്ങള്‍. ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് ഇളകി മാറിയ ചന്ദ്രോപരിതലമാണ് നീല നിറത്തില്‍ കാണുന്നത്. നാസയുടെ എല്‍ ആര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ വിവിധ സമയങ്ങളിലെ ഫോട്ടോകള്‍ താരതമ്യം ചെയ്താണ് വിക്രം ലാന്‍ഡറിനെ കണ്ടെത്തിയത്. എങ്ങിനെ പകര്‍ത്തിയ ഫോട്ടോകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സൂക്ഷ്മ പഠനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. ആ കൂട്ടത്തില്‍പെട്ട ഷണ്‍മുഖം സുബ്രമണ്യന്‍ എന്നയാള്‍ സോഫ്റ്റ് ലാന്ഡിങ്ങിന് മുന്‍പും ശേഷവും ഉള്ള ഫോട്ടോകളില്‍ വ്യത്യാസം ഉണ്ടെന്നു നാസയെ അറിയിക്കുക ആയിരുന്നു. തുടര്‍ന്നു നാസയുടെ ശാസ്ത്രജ്ഞര്‍ ഫോട്ടോകള്‍ കൂടുതല്‍ വിശകലങ്ങള്‍ക്കു വിധേയമാക്കിയപ്പോഴായാണ് ഒളിഞ്ഞു കിടന്നിരുന്ന ലാന്‍ഡറിനെ കണ്ടെത്തിയത്. പ്രവര്‍ത്തന കാലാവധി കഴിഞ്ഞതിനാല്‍ ലാന്‍ഡറിനെ വീണ്ടെടുക്കാന്‍ ആവില്ല. എങ്കിലും പരാജയ കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ക്കു ഈ ഫോട്ടോകള്‍ സഹായകരമാകും.