കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെ; വിഎച്ച്പി

കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്ന് വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ചംപത് റായ്. നിസാമുദ്ദീനില്‍ നടന്ന തബ്ലീഗി ജമാഅത്തുമായി കുംഭമേളയെ താരതമ്യം ചെയ്യാന്‍ കഴിയില്ല. കുംഭമേള മതപരമായ ചടങ്ങാണ്. മുസ്ലിം ആധിപത്യം പ്രകടിപ്പിക്കാന്‍ നടത്തുന്ന മര്‍ക്കസ് സമ്മേളനം പോലെയല്ല അതെന്നും ദി പ്രിന്റിനു നല്‍കിയ അഭിമുഖത്തില്‍ ചംപത് റായ പറഞ്ഞു.

”ഏറെ പഴക്കമുള്ളതും സാമ്പ്രദായികവുമായ ഉത്സവമാണ് കുംഭമേള. 12 വര്‍ഷത്തിനിടയില്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളും കുംഭമേളയ്ക്കുണ്ട്. മേള നിര്‍ത്തേണ്ട ആവശ്യമില്ല. കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്. കുംഭമേളയ്ക്ക് സര്‍ക്കാരിന്റെ അനുമതിയുള്ളതാണ്. അത് ഒളിപ്പിച്ച് നടത്തുന്ന ഒന്നല്ല. കുംഭമേള മതപരമായ ആചാരമാണ്. മര്‍ക്കസ് സംമ്മേളനം പോലെ മുസ്ലിം ആധിപത്യം പ്രകടിപ്പിക്കാന്‍ നടത്തുന്ന പരിപാടിയല്ല. കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് അഴുക്കുവെള്ളത്തോട് ഗംഗാ ജലത്തെ ഉപമിക്കുന്നത് പോലെയാണ്.”- സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

മേള നിര്‍ത്തില്ലെന്നും ഗംഗാദേവിയുടെ അനുഗ്രഹം ഉള്ളതിനാല്‍ മേളയ്‌ക്കെത്തുന്നവരില്‍ കൊവിഡ് വരില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് പറഞ്ഞിരുന്നു. മര്‍ക്കസ് അടച്ചിട്ട സ്ഥലത്താണ്. അവിടെ ഉറങ്ങിയവര്‍ പുതുപ്പുകള്‍ വരെ പങ്കിട്ട് ഉപയോഗിച്ചിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്. അവിടെ കൊവിഡ് ബാധ ഉണ്ടാവില്ല. മര്‍ക്കസും കുംഭമേളയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ബാധകള്‍ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലും കുംഭമേള അവസാനിപ്പിക്കില്ലെന്ന് അധികൃതര്‍ തീരുമാനം എടുത്തിരുന്നു. മേള ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹരിദ്വാറില്‍ വൈറസ് ബാധിച്ചത് 1500ലധികം ആളുകള്‍ക്കാണ്. ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച 408 കേസുകളും ബുധനാഴ്ച 525 കൊവിഡ് കേസുകളും ഹരിദ്വാറില്‍ റിപ്പോര്‍ട്ട് ചെയ്തു.