മുളകുപൊടി വിതറി പണവും ലോട്ടറിയും തട്ടിയെടുത്തെന്ന് പരാതി

പാലക്കാട്. ബൈക്കിലെത്തിയ സംഘം മുണ്ടൂരില്‍ മുളകുപൊടി വിതറി കവര്‍ച്ച നടത്തിയതായി പരാതി. പണവും ലോട്ടറി ടിക്കറ്റും തട്ടിയെടുത്തെന്നാണു പരാതിയില്‍ പറയുന്നത്. പുന്നയില്‍ സ്വദേശി എ വിജയനെയാണു വീടിനു സമീപം രണ്ടു പേര്‍ ആക്രമിച്ചത്. ഇരുപതിനായിരത്തിലധികം രൂപയും ലോട്ടറി ടിക്കറ്റുകളും അടങ്ങിയ ബാഗാണ് കവര്‍ന്നത്.

ശ്രീകൃഷ്ണപുരത്തെ ലോട്ടറിക്കടയിലെ ജീവനക്കാരനാണ് വിജയന്‍. രാവിലെ മുണ്ടൂരില്‍ എത്തി ലോട്ടറിക്കട ഉടമയെ ടിക്കറ്റുകളും പണവും ഏല്‍പ്പിക്കുന്ന പതിവുണ്ട്. ഇത്തരത്തില്‍ ഇന്നു രാവിലെ അഞ്ചു മണിക്ക് കടയിലേക്കു പോകവേയാണ് റോഡില്‍വച്ച് ഇത്തരത്തില്‍ ആക്രമണം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

വിജയനെ മറികടന്ന് ഇരുചക്ര വാഹനത്തില്‍പ്പോയ രണ്ടുപേര്‍ തിരിച്ച് അതേ വേഗത്തില്‍ മടങ്ങിവരികയും മുളകുപൊടി വിതറിയശേഷം ബാഗ് തട്ടിയെടുത്ത് പോകുകയുമായിരുന്നെന്നാണു പരാതി. തുടര്‍ന്ന് കണ്ണു കാണാന്‍ കഴിയാത്ത അവസ്ഥയില്‍ കുറച്ചു നേരം റോഡിലിരുന്നു. ഒരു ബന്ധുവന്നാണ് രക്ഷപ്പെടുത്തിയതെന്നാണു വിവരം. സംഭവത്തില്‍ കോങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.