പുനലൂരിൽ തർക്കം പരിഹരിക്കാൻ ശ്രമിച്ചയാളെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി

കൊല്ലം. പുനലൂരില്‍ വഴക്ക് തീര്‍ക്കുവാന്‍ ചെന്ന നിരപരാധിയെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. പുനലൂര്‍ സ്വദേശിയായ ശ്രീകുമാറിനെയാണ് പോലീസ് ആളുമാറി മര്‍ദ്ദിച്ചത്. പുലൂരില്‍ ഒരു ബാറില്‍ മദ്യപിച്ചതിന് ശേഷം പുറത്ത് ഇറങ്ങിയപ്പോള്‍ സംഘര്‍ഷം നടക്കുന്നത് കണ്ടുവെന്നും ഇത് പരിഹരിക്കുന്നതിനായി ഇടപെട്ടതിന് ശേഷം മാറി നില്‍ക്കുകയായിരുന്ന ശ്രീകുമാറിനെ പോലീസ് എത്തി മര്‍ദ്ദിക്കുകയായിരുന്നു.

മുഖത്തും നെഞ്ചിലും പുറത്തും കാലിലുമാണ് ശ്രീകുമാറിന് പരിക്കേറ്റത്. പുനലൂരിലെ സിഐയും എസ്‌ഐയും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് ശ്രീകുമാര്‍ പറയുന്നത്. ഒരു കാരണവുമില്ലാതെ തന്നെ റോഡില്‍ വെച്ച് ഒരു പട്ടിയെ അടിക്കുന്നത് പോലെ പോലീസ് മര്‍ദ്ദിച്ചുവെന്നാണ് ശ്രീകുമാര്‍ പറയുന്നത്. വാടകയ്ക്കാണ് താമസിക്കുന്നതെന്നും പോലീസ് മര്‍ദ്ദിച്ചതിനാല്‍ ജോലിക്ക് പോകുവാന്‍ സാധിക്കുന്നില്ലെന്നുമാണ് ശ്രീകുമാര്‍ പറയുന്നത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് നീ ആണോ ശ്രീകുമാര്‍ എന്ന് ചോദിച്ചുവെന്നും ശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ശ്രീകുമാര്‍ പറയുന്നു.

പോലീസിനെതിരെ കേസുമായി മുന്നോട്ട് പോകുവനാണ് തീരുമാനം എന്നും. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീകുമാര്‍ പറയുന്നു. തനിക്കെതിരെ 22 ഓളം കേസുകള്‍ പോലീസ് കെട്ടിച്ചമച്ചിരിക്കുകയാണെന്നാണ് ശ്രീകുമാര്‍ പറയുന്നത്. സ്വന്തം നാട്ടില്‍ പുറത്തിറങ്ങുവാന്‍ ഭയമാണെന്നും ശ്രീകുമാര്‍ പറയുന്നു.