എൻ.കെ.പ്രേമചന്ദ്രന്റെ ഔദ്യോഗിക വസതിയിൽ മദ്യസല്ക്കാരവും കൂട്ടതല്ലും, KUWJ മാധ്യമ പ്രവർത്തകരുടെ പാർട്ടി

കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ ) ഡൽഹി ഘടകത്തിൻ്റെ യാത്രയയപ്പു സൽക്കാരം കൂട്ടയടിയിൽ കലാശിച്ചു.സ്ഥലം മാറി പോകുന്ന മനോരമ ചാനലിലെ അരുൺ പോൾസൻ , വിഷ്ണു കച്ചേരി എന്നിവർക്കു യാത്രയയപ്പു നൽകാൻ എൻ.കെ.പ്രേമചന്ദ്രൻ എം പി യുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച മദ്യ സൽക്കാരമാണ് അലങ്കോലമായത്. ചേരി തിരിഞ്ഞ് അടിയായതോടെ മദ്യവും ഭക്ഷണവും വരെ പരസ്പരം വലിച്ചെറിഞ്ഞ് എം പി യുടെ വസതി നാശ കോശമാക്കി.

മനോരമ പത്രത്തിലെ അനൂപിൻ്റെ ഗാനാലാപനത്തെ കളിയാക്കി മാതൃഭൂമിയിലെ പ്രകാശൻ പുതിയേട്ടിയും കൈരളിയിലെ അച്ചുതനും ഉറക്കെ ചിരിച്ചതാണ് അടിപിടിക്കു കാരണമായത്. എല്ലാവരും മദ്യലഹരിയിലായിരുന്നു.
പാട്ടിനെ പരിഹസിച്ചതിൽ പ്രകോപിതനായ അനൂപ് കൈരളിയിലെ അച്ചുതനെ ചവിട്ടി വീഴ്ത്തി. തടയാൻ ശ്രമിച്ച പുതിയേട്ടിയെ അടിച്ചു വീഴ്ത്തി. ഇതോടെയാണ് ചേരി തിരിഞ്ഞ് അടിയായത്. തെറിയഭിഷേകവും തമ്മിൽ തല്ലുമായി പ്രിയദർശൻ സിനിമകളിലെ ക്ലൈമാക്സിനെ കടത്തി വെട്ടുന്ന രംഗങ്ങൾക്കാണ് എം പി യുടെ വസതി സാക്ഷ്യം വഹിച്ചത്.

അടി കിട്ടിയവർ തിരിച്ചടിക്കുമെന്നു വെല്ലുവിളിച്ചാണ് മടങ്ങിയത്. ഐ എൻ എസ് ബിൽഡിങിൽ അടിയുടെ തുടർ ചലനങ്ങളുണ്ടാകുമോയെന്ന ഭീതിയിലാണ് മലയാള മാധ്യമ പ്രവർത്തകർ.

ഇതിൽ കൂടുതൽ മർദ്ദനം ഏറ്റത് കൈരളി ചാനൽ പ്രവർത്തകർക്കായിരുന്നു. ഇതിനു പകരം വീട്ടും തിരിച്ചടി ഉറപ്പായിരിക്കും എന്നും പറഞ്ഞാണിപ്പോൾ ഒരു വിഭാഗം നടക്കുന്നത്. മലയാള പത്രപ്രവർത്തകരുടെ മദ്യപാന പാർട്ടികൾക്ക് എം പി മാർ ഔദ്യോഗിക വസതി കൊടുക്കുന്നതും ഇതോടെ പുറത്ത് വന്നിരിക്കുകയാണ്‌. സംഭവം നടക്കുമ്പോൾ എം.പി – എൻ.കെ.പ്രേമചന്ദ്രൻ ദില്ലിയിലെ ഈ വീട്ടിൽ ഇല്ലായിരുന്നു