കോൺഗ്രസിനെ വരുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു ശാക്തീകരിക്കാൻ 8 അംഗ ഉന്നതസമിതി 

ഡൽഹി ∙ തുടർച്ചയായ തോൽവികളിൽ ദുർബലമായ കോൺഗ്രസിനെ വരുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു ശാക്തീകരിക്കാൻ 8 അംഗ ഉന്നതസമിതി  രൂപീകരിക്കാൻ പാർട്ടി തീരുമാനിച്ചു. പുനരുജ്ജീവന വഴി തേടിയുള്ള ചിന്തൻ ശിബിരം അടുത്തമാസം 13 മുതൽ 15 വരെ രാജസ്ഥാനിലെ ഉദയ്പുരിൽ നടക്കുമെന്നും പ്രഖ്യാപിച്ചു. 2024 തിരഞ്ഞെടുപ്പിലേക്കുള്ള തന്ത്ര രൂപീകരണമാകും ഇതിന്റെയും മുഖ്യലക്ഷ്യം.

തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച നിർദേശങ്ങളെക്കുറിച്ചു പഠിച്ച പി.ചിദംബരം അധ്യക്ഷനായ സമിതിയാണ് 8 അംഗ എംപവേഡ് ഗ്രൂപ്പ് നിർദേശിച്ചത്. ഇത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.

പുതിയ ഗ്രൂപ്പിൽ പ്രശാന്ത് കിഷോർ ഉണ്ടാകുമോയെന്ന ചോദ്യം കോൺഗ്രസ് തള്ളിയില്ല. വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നായിരുന്നു പ്രതികരണം. പ്രശാന്തിനെ പാർട്ടിയിലെടുക്കാതെ പുറത്തു നിർത്തി അദ്ദേഹത്തിന്റെ സേവനം ഉപയോഗിച്ചാൽ മതിയെന്നാണ് ഇന്നലെ ചേർന്ന യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം. ഇക്കാര്യത്തിൽ സോണിയ ഗാന്ധി തീരുമാനം അറിയിച്ചിട്ടില്ല. സമിതി അംഗങ്ങളെ വൈകാതെ പ്രഖ്യാപിക്കും.