ഗ്രൂപ്പിനെ അവഗണിച്ചതിനു പിന്നിൽ ചെന്നിത്തലയുടെ കഴിവുകേട്: കോഴിക്കോട് ഐ ഗ്രൂപ്പിന്‍റെ രഹസ്യ യോഗത്തിൽ ചെന്നിത്തലക്കെതിരെ പടപ്പുറപ്പാട്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് നിർണയത്തിൽ ഐ ഗ്രൂപ്പിനു ഗുരുതര വീഴ്ച്ച വന്നതായി ആക്ഷേപം. കോഴിക്കോട് അടിയന്തിരമായി ചേർന്ന ഐ ഗ്രൂപ്പ് രഹസ്യ യോഗത്തിലാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. വയനാട് സീറ്റ് എ ഗ്രൂപ്പ് കൊണ്ടു പോയത് ചെന്നിത്തലയുടെ പരാജയമാണെന്നും യോഗം വിലയിരുത്തി. പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചിട്ടും സ്ഥാനാർഥി പട്ടികയിൽ കാര്യമായ ചലനമുണ്ടാക്കാൻ ഐ ഗ്രൂപ്പിനു കഴിഞ്ഞിട്ടില്ല. ചെന്നിത്തലയ്ക്ക് ഡെൽഹിയിൽ പിടി കുറവായതാണ് പല പരാജയങ്ങൾക്കും കാരണമെന്നും യോഗത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

വയനാടിനു പകരമായി പാർട്ടിയിൽ സ്ഥാനങ്ങൾ ചോദിച്ചുവാങ്ങാനും നിർദേശം ഉയർന്നിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ഏകാധിപത്യമാണ് കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ നടന്നത്. നിലവിലെ സാഹചര്യത്തിൽ ഡിസിസി സ്ഥാനങ്ങൾ ഉൾപ്പെടെ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചിട്ടുണ്ട്.