ദ്രൗപദിയെ കുറിച്ച് കോൺഗ്രസ് നേതാവിന്റെ പ്രസ്താവന: നിറവും ജാതിയും നോക്കുന്ന കോൺഗ്രസിന്റെ തനി നിറം തുറന്നു കാട്ടി.

 

ദ്രൗപദി ഇന്ത്യയുടെ ദുഷിച്ച തത്വശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നുവെന്ന രാഷ്ട്രപ തി സ്ഥാനാര്‍ത്ഥിക്കെതിരായ കോണ്‍ഗ്രസ്സ് നേതാവിന്റെ പ്രസ്താവന വിവാദത്തിലായി. അജോയ് കുമാറിന്റെ പ്രസ്താവനയോടെ കോണ്‍ഗ്രസ്സ് തീർത്തും വെട്ടിലായെന്നു തന്നെ പറയാം. നിറവും ജാതിയും നോക്കുന്ന കോൺഗ്രസിന്റെ തനി നിറം ആണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്.

നിറവും ജാതിയും നോക്കി മനുഷ്യനെ വിലയിരുത്തുന്ന തരത്തിലേക്ക് പതിറ്റാണ്ടു കള്‍ രാജ്യം ഭരിച്ച ഒരു പാര്‍ട്ടി അധപതിച്ചിരിക്കുന്നു എന്നാണു പ്രതിഷേധ ശരങ്ങൾ ഇക്കാര്യത്തിൽ ഉയരുന്നത്. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നൊരാള്‍ രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുന്നത് കോണ്‍ഗ്രസ്സിന് ദഹിക്കുന്നില്ല, തീരെ സഹിക്കു ന്നില്ല. മുര്‍മുവിന്റെ കാര്യത്തില്‍ മാത്രം എവിടെ പോയി കോണ്‍ഗ്രസ്സിന്റൈ ആദര്‍ശ ങ്ങളെന്നാണ് പരക്കെ ഉയരുന്ന പ്രതിഷേധം.

ദ്രൗപദി മുര്‍മുവിനെതിരായ അജോയ് കുമാറിന്റെ പരാമര്‍ശത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തെ ഗോത്രവിഭാഗക്കാരോട് മാപ്പു പറയണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ബിജെപി നേതാവ് അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവര്‍ അജോയ് കുമാര്‍ നടത്തിയ പരാമര്‍ശത്തിന്റെ വിഡിയോ സഹിതം പങ്കുവച്ചാണ് വിമര്ശനം ഉന്നയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ‘ഇന്ത്യയുടെ ദുഷിച്ച തത്വശാസ്ത്രത്തിന്റെ പ്രതിനിധി’യായി അജോയ് കുമാര്‍ ദ്രൗപദി മുര്‍മുവിനെ വിശേഷിപ്പിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയെന്ന നിലയിലായിരുന്നു അജോയ് കുമാറിന്റെ വിമര്‍ശനം ഉണ്ടായത്. ദ്രൗപദിയെ ആദിവാസികളുടെ പ്രതീകമാക്കി അവതരിപ്പിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്ത് പറഞ്ഞിരുന്നു. അതേസമയം, അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവര്‍ തന്റെ പരാമര്‍ശ ത്തില്‍നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുന്നുവെന്നാണ് അജോയ് കുമാറിന്റെ വാദം. തന്റെ പ്രസ്താവനയുടെ സമ്പൂര്‍ണരൂപം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

”ഞാന്‍ ഈ പറയുന്നത് ദ്രൗപദി മുര്‍മുവിന്റെ മാത്രം കാര്യമല്ല. യശ്വന്ത് സിന്‍ഹ മികച്ച സ്ഥാനാര്‍ഥിയാണ്. ദ്രൗപദി മുര്‍മുവും നല്ല സ്ഥാനാര്‍ഥി തന്നെ. പക്ഷേ, ഇന്ത്യയുടെ തീര്‍ത്തും ദുഷിച്ച തത്വശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് അവര്‍. അവരെ ആദിവാസികളുടെ പ്രതീകമായി അവതരിപ്പിക്കുന്നത് ശരിയല്ല. റാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കുന്ന സമയത്താണ് ഹത്രസ് സംഭവം ഉണ്ടായത്. അദ്ദേഹം ഒരു വാക്കെങ്കിലും മിണ്ടിയോ? പട്ടിക വിഭാഗക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി മാറിയിരിക്കുന്നു. ഇതുപോലുള്ള പ്രതീകങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യയിലെ ആളുകളെ മണ്ടന്‍മാരാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. അതുകൊണ്ട് ഇത് ഇന്ത്യയുടെ ആത്മാവിനായുള്ള പോരാട്ടമാണ്. എല്ലാവരും യശ്വന്ത് സിന്‍ഹയ്ക്കു വോട്ടു ചെയ്യണം.’ – ഇതായിരുന്നു അജോയ് കുമാറിന്റെ വാക്കുകള്‍.

അജോയ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ തുടർന്ന് രംഗത്തെത്തുകയായിരുന്നു. തീര്‍ത്തും മോശം സാഹചര്യത്തി ല്‍നിന്ന് പലവിധ വെല്ലുവിളികളെ തരണം ചെയ്ത് ഇത്രത്തോളമെത്തിയ ദ്രൗപദി മുര്‍മുവിനെതിരായ അജോയ് കുമാറിന്റെ പരാമര്‍ശം അവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.

”ഏറ്റവും താഴേത്തട്ടില്‍ നിന്ന് പലവിധ വെല്ലുവിളികള്‍ തരണം ചെയ്ത് ഉയര്‍ന്നുവന്ന ഒരാളുടെ തത്വശാസ്ത്രവുമായി ബന്ധപ്പെട്ട് എന്ത് ദുഷിപ്പാണ് അദ്ദേഹം കണ്ടെത്തിയത്? എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മു മികച്ച എംഎല്‍എയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ഇതുവരെ അഴിമതിയുടെ ചെറുകണിക പോലും അവര്‍ക്കെതിരെ ചൂണ്ടിക്കാണിക്കാനില്ല. അങ്ങനെയൊരു വ്യക്തിയെക്കുറിച്ച് എന്തു ദുഷിപ്പാണ് പറയാനുള്ളത്’ – പൂനവാല ചോദിച്ചു.

‘കോണ്‍ഗ്രസ് പാര്‍ട്ടി, പ്രത്യേകിച്ച് അജോയ് കുമാര്‍ ഉപയോഗിച്ച ഭാഷ ദ്രൗപദി മുര്‍മുവിനും താഴേത്തട്ടില്‍നിന്നുള്ള അവരുടെ ഉയര്‍ച്ചയ്ക്കും അതിനായുള്ള അവരുടെ അധ്വാനത്തിനും മാത്രമുള്ള അപമാനമല്ല. രാജ്യത്തെ ആദിവാസി സമൂഹത്തിനു മുഴുവനുമുള്ള അപമാനമാണിത്. ഈ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിശദീകരണം നല്‍കുകയോ അല്ലെങ്കില്‍ ആദിവാസി സമൂഹത്തോടു മാപ്പു പറയുകയോ വേണം’ – പൂനവാല ആവശ്യപ്പെട്ടു.