കണ്ണൂരില്‍ സുധാകരന്‍ തന്നെ, നിർദ്ദേശം നൽകി എഐസിസി

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ കെ സുധാകരന്‍ തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച് എഐസിസി കെ.സുധാകരന് നിര്‍ദേശം നല്‍കി. തുടർച്ചയായി ഇത് നാലാം തവണയാണ് സുധാകരൻ കണ്ണൂരിൽ മത്സരിക്കുന്നത്. ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മർദ്ദമാണ് എഐസിസിയെ ഇത്തരം ഒരു തീരുമാനം എടുപ്പിച്ചത്.

ചില ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന നിലപാടിലായിരുന്നു സുധാകരന്‍. എന്നാല്‍, പാര്‍ട്ടിയിൽ വിവിധ കോണുകളില്‍നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സുധാകരന്‍ ഒടുവില്‍ വഴങ്ങിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

സിപിഎം പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ മത്സരത്തിനിറക്കുന്ന സാഹചര്യത്തില്‍ കരുത്തനായ സ്ഥാനാര്‍ഥിതന്നെ മണ്ഡലത്തില്‍ വേണമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മൂന്ന് തവണ മത്സരിച്ച സുധാകരന്‍ 2009-ലും 2019-ലും വിജയിച്ചു. 2014-ല്‍ പി.കെ.ശ്രീമതിയോട് പരാജയപ്പെട്ടു. 2019-ല്‍ ശ്രീമതിയെ തന്നെ പരാജയപ്പെടുത്തിയാണ് എംപിയായത്. 94559 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

2019-ല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട ആലപ്പുഴയില്‍ മാത്രമാകും കോണ്‍ഗ്രസിന് ഇത്തവണ പുതിയ സ്ഥാനാര്‍ഥി വരിക. നേരത്തെ സുധാകരന് രാജ്യസഭാ സീറ്റ് നൽകുന്ന കാര്യവും ദേശീയ നേതൃത്വം പരിഗണിച്ചിരുന്നു. എന്നാൽ മുസ്ലീം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചയിൽ അവർക്ക് രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദേശം മുന്നോട്ട് വച്ച സാഹചര്യത്തിലാണ് സുധാകരൻ ലോക് സഭയിൽ തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലെത്തിയത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് മുഖ്യമന്ത്രി പദവിയിലേക്ക് എത്താമെന്ന സുധാകരന്റെ രാഷ്‌ട്രീയ മോഹങ്ങൾക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുകയാണ്.