കൊറോണ പ്രതിസന്ധി 60 അച്ചടി പത്രങ്ങള്‍ പൂട്ടി, വായിക്കാൻ ആളില്ല, വരുമാനം ഇടിഞ്ഞു

കോവിഡ് 19നെ തുടര്‍ന്ന് ഉണ്ടായ വന്‍ പ്രതിസന്ധി മൂലം ഓസ്‌ട്രേലിയയില്‍ 60 അച്ചടി പത്രങ്ങള്‍ അടച്ച് പൂട്ടി . പത്രങ്ങളുടെ രാജ്യ വ്യാപകമായ 60 പ്രിന്റിങ്ങ് നിര്‍ത്തി വയ്ച്ചതായി അധികൃതര്‍ അറിയിച്ചു. കോവിഡ് 19 വൈറസ് പ്രതിസന്ധി മൂലം അച്ചടി മാധ്യമ ബിസിനസ് തകര്‍ന്നതായും മുന്നോട്ട് പോകാന്‍ അവാത്ത അവസ്ഥയാണെന്നും വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ 60 ദിനപത്രങ്ങള്‍ അടച്ച് പൂട്ടിയ വിവരം ലോകത്തോടെ പങ്കുവയ്ച്ചത് ആഗോള മാധ്യമ ഭീമനും ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കോര്‍പ്പറേറ്റുമായ റൂപര്‍ട്ട് മര്‍ഡോക് ഗ്രൂപ്പാണ്. മുന്നോട്ട് പോകാന്‍ വയ്യാത്തതിനാല്‍ 60 എഡിഷനുകള്‍ പ്രിന്റിങ്ങ് നിര്‍ത്തി വയ്ക്കുകയാണ് എന്നും മര്‍ഡോക് ഗ്രൂപ്പ് പറയുന്നു.വായനക്കാർ വിട്ട് പോയി. പരസ്യങ്ങൾ നിലച്ചു. വയനക്കാരും പരസ്യ ദാദാക്കളും ഒന്നിച്ച് വിട്ടു പോയതാണ്‌ അച്ചടി പത്രങ്ങൾ പൂട്ടാൻ കാരണം. കൊറോണ പ്രതിസന്ധിക്ക് ശേഷം തുറക്കാൻ ശ്രമം നടത്തുമെന്നും പറഞ്ഞിട്ടുണ്ട്.

ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, ക്വീന്‍സ്ലാന്റ്, സൗത്ത് ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളിലെ പത്രങ്ങള്‍ അച്ചടി നിര്‍ത്തിയത്. ഞങ്ങള്‍ ഇനി ഓണ്‍ലൈന്‍ മാധ്യമം തുടങ്ങാന്‍ പോകുന്നു എന്നും ഓണ്‍ലൈനില്‍ സജീവമായിരിക്കും എന്നും അവിടെ നമുക്ക് കാണാം എന്നും മര്‍ഡോക് ന്യൂസ് കോര്‍പ്പ് അറിയിച്ചു. ഞങ്ങള്‍ ഈ തീരുമാനം നിസ്സാരമായി എടുത്തിട്ടില്ല,” വലിയ തീരുമാനം ആണിത്. ജനങ്ങള്‍ക്ക് വാര്‍ത്ത എത്തിക്കാന്‍ ഞങ്ങള്‍ പ്രതിഞ്ജാ ബദ്ധരാണ്. ഓണ്‍ലൈന്‍ മീഡിയ വഴി എളുപ്പത്തിലും അതി വേഗത്തിലും നിമിഷങ്ങള്‍ പോലും വൈകാതെ വാര്‍ത്തകള്‍ നല്കുവാന്‍ സാധിക്കും എന്നും അച്ചടി എഡിഷനുകള്‍ പൂട്ടിയ തീരുമാനം അറിയിച്ച് മര്‍ഡോക് ന്യൂസ് കോര്‍പ്പ് വ്യക്തമാക്കി.

കൊറോണ വൈറസ് പ്രതിസന്ധി അഭൂതപൂര്‍വമായ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചു, കഴിയുന്നത്ര ജോലികള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്യുന്നു. എന്നാല്‍ ഉദ്ദേശിച്ചതിലും വലിയതാണ് തകര്‍ച്ച എന്നും അച്ചടിച്ച് പത്രം വിതരണം ചെയ്യാന്‍ ആവാത്ത രീതിയിലേക്ക് കാര്യങ്ങള്‍ വന്നു എന്നും ഇവര്‍ വ്യക്തമാക്കി. കൊറോണ വൈറസ് അടിയന്തരാവസ്ഥയെത്തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ലേലങ്ങള്‍ക്കും ഭവന പരിശോധനകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അച്ചടി പത്രങ്ങളുടെ വരുമാനത്തേയും ബാധിച്ചു. പ്രതിസന്ധി മൂലം വരുമാനം കുത്തനെ ഇടിയുകയാണ്. പ്രിന്റ് പതിപ്പുകള്‍ നിര്‍ത്തി വയ്ച്ച് ഓണ്‍ലൈന്‍ മാധ്യമ മേഖലയിലേക്ക് നീങ്ങുന്നതിന്റെ കാരണവും കമ്പിനികള്‍ വിശദീകരിച്ചു. കൂടാതെ അന്തര്‍ദേശീയ മാധ്യമങ്ങളായ നാഷണല്‍ വയര്‍, എ.എ.പി ഉള്‍പ്പെടെയുള്ള നിരവധി മാധ്യമ അടച്ചുപൂട്ടല്‍ പ്രഖ്യാപനങ്ങളും  വന്നിരിക്കുകയാണ്. വയര്‍ എഎപി തുടങ്ങിയവ ഈ വര്‍ഷം അവസാനം പ്രിന്റിങ്ങ് നിര്‍ത്തി വയ്ച്ച് ഇലക്ട്രോണിക്‌സ് മാധ്യമ രംഗത്തേക്ക് മാറും. ഇതു മൂലം ഓസ്‌ട്രേലിയയില്‍ പേപ്പര്‍ മാലിന്യവും പ്രിന്റ് വേസ്റ്റും കുറയ്ക്കാനും മരങ്ങള്‍ സംരക്ഷിക്കാനും സാധിക്കും എന്നും ഇവര്‍ വ്യക്തമാക്കി. പ്രിന്റ് വേസ്റ്റ് കടുത്ത പാരിസ്ഥിതിക ആഘാതത്തിനു കാരണമാക്കും എന്നു മാത്രമല്ല ലക്ഷകണക്കിനു മരങ്ങളാണ് ഇതിനായി ഓരോ വര്‍ഷവും നശിപ്പിക്കുന്നതും.

ഓസ്‌ട്രേലിയയില്‍ 60 ദിന പത്രങ്ങള്‍ പ്രിന്റിങ്ങ് അവസാനിപ്പിച്ചത് ആഗോള രംഗത്തും ചലനങ്ങള്‍ ഉണ്ടാക്കി. യുഎസിലെ ഏറ്റവും വലിയ പത്രം പ്രസാധകനായ ഗാനെറ്റ് തിങ്കളാഴ്ച അച്ചടി എഡിഷനുകള്‍ കുറക്കുന്നതായും ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുന്നതായും പറഞ്ഞു. ഗാനെറ്റ് പറയുന്നത് കൊറോണ പടര്‍ന്നതിനാല്‍ പത്രം വായിക്കുന്നവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞു. എല്ലാവരും ടി.വിയേയും ഫേസ്ബുക്കിനേയും ആശ്രയിക്കുന്നു. വായനക്കാരുടെ എണ്ണം കുറയുകയും പരസ്യത്തില്‍ ഗൂഗിളും ഫെയ്സ്ബുക്കും പ്രബലരായ കളിക്കാരായി ഉയരുകയും ചെയ്യുന്നതാണ് ലോക മാധ്യമ രംഗത്തേ ഇപ്പോഴത്തേ ഏറ്റവും പുതിയ ചലനം. കോവിഡ് 19 വന്നതോടെ ഫേസ് ബുക്കിനേയും ഗൂഗിളിനെയും ലോകമാകെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നു. അച്ചടിച്ച വാര്‍ത്തകള്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ താമസിച്ചാണ് ലഭിക്കുന്നത്. എന്നാല്‍ ഫേസ്ബുക്കും ഗൂഗിളും നിമിഷങ്ങള്‍ കൊണ്ട് വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയാണ്. ഫേസ്ബുക്ക് ഗൂഗിള്‍ ഉപയോഗക്കാരുടെ എണ്ണം കോവിഡ് വന്ന ശേഷം കുത്തിച്ചുയരുകായാണ്. അച്ചടി പത്രങ്ങള്‍ക്ക് ഉണ്ടായ കടുത്ത ആഘാതം ഫേസ് ബുക്കിനും ഗൂഗീളിനും ഫലത്തില്‍ ലാഭമായി മാറുകയാണ്.