കോവിഡ് ബാധിച്ചെന്ന് ഭയന്ന് തൃശൂരില്‍ യുവാവ് ജീവനൊടുക്കി, ഭാര്യയെയും മക്കളെയും നിരീക്ഷണത്തില്‍ വയ്ക്കണമെന്ന് ആത്മഹത്യ കുറിപ്പ്

തൃശൂര്‍: ലോകത്താകമാനം കോവിഡ് 19 വന്‍ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥിതിയും മറ്റൊന്നല്ല. ഇതിനിടെ തൃശൂരില്‍ ഓട്ടോ ഡ്രൈവര്‍ കോവിഡ് 19 രോഗം ബാധിച്ചുവെന്ന് സംശയിച്ച് ജീവനൊടുക്കി. 49കാരനായ പവിത്രനെന്നയാളാണ് കൊറോണ വൈറസ് ബാധിതനാണെന്ന് കുറിപ്പ് എഴുതി വെച്ച ശേഷം ജീവനൊടുക്കിയത്. ഭാര്യയെയും മക്കളെയും ഗാര്‍ഹിക നിരീക്ഷണത്തില്‍ വെക്കണമെനന്നും ഇദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം പവത്രന് സാധാരണ പനി മാത്രമാണെന്നായിരുന്നു സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നു സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ പോയിട്ടില്ലെന്നും ദൂരയാത്ര കഴിഞ്ഞവരുമായി ഇടപെട്ടിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേ!ടിയ പവിത്രന്‍ വെള്ളിയാവ്ച രാവിലെ ഡോക്ടറെ കാണാനെന്നു പറഞ്ഞ് ഓട്ടോയില്‍ പോയതാണ്. തനിക്കു കോവിഡ് ബാധയുണ്ടെന്ന സംശയത്തില്‍ ഓട്ടുപാറ താലൂക്ക് ആശുപത്രിയില്‍ വന്നിരിക്കുകയാണെ ഇയാള്‍ ഫോണിലൂടെ വീട്ടുകാരെ അറിയിച്ചു. പിന്നീട് ഫോണ്‍ ഓഫ് ആയി. ഇന്നലെ രാവിലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം) 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍ഗോഡ്2) രോഗം വന്നത്.

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.