പിറന്ന രാജ്യത്ത് അന്തിയുറങ്ങാൻ 6 അടി മണ്ണ്‌ പോലും നിഷേധിക്കുന്ന കൊറോണ വൈറസ്

ദുബായ് : കൊറോണ ലോകമാസകലം ഭീതി വിതയ്ക്കുമ്പോള്‍ പ്രവാസികള്‍ക്കാണ് എല്ലാം നഷ്ടപ്പെടുന്നത്. പിറന്ന നാട്ടില്‍ സ്വന്തം ഭൂമിയിലെ ആറടി മണ്ണ് പോലും കൊറോണയാല്‍ പ്രവാസികള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. വിദേശങ്ങളില്‍ മരിച്ച പ്രവാസികളുടെ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാനോ അവിടെ അന്ത്യവിശ്രമം ഒരുക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. യുഎഇയിലാണ് ഏറ്റവും അധികം പ്രതിസന്ധി നിലനില്‍ക്കുന്നത്. വൈറസ് വ്യാപനം തടയാനായി ഇന്ത്യ വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചതോടെ യുഎഇ വിമാനസര്‍വീസുകള്‍ താത്കാലിമായി റദ്ദ് ചെയ്തിട്ടുണ്ട്.

ഉറ്റവരുടെ മരണം അറിഞ്ഞ് അവസാനം ഒരു നോക്ക് കാണാന്‍ പോകാനായി പ്രവാസികള്‍ക്ക് സാധിക്കില്ല. അതുപോലെ തന്നെ വിദേശത്ത് മറ്റും മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഉറ്റവര്‍ക്കും എത്താന്‍ സാധിക്കുന്നില്ല. ഒന്നും ചെയ്യാനാകാതെ വിദേശമണ്ണില്‍ അന്ത്യവിശ്രമത്തിന് അനുവദിക്കുകയാണ് പലരും. എന്നാല്‍ എന്നെങ്കിലും വ്യോമപാതകള്‍ തുറന്ന് സ്വന്തം നാട്ടില്‍ എത്തിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ പത്തില്‍ അധികം മൃതദേഹങ്ങളാണ് ഇപ്പോഴും മോര്‍ച്ചറികളില്‍ ബന്ധുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്.

യുഎഇയില്‍ മാത്രമായി ഒരു ദിവസം ശരാശരി അഞ്ച് ഇന്ത്യക്കാര്‍ മരിക്കുന്നുണ്ട് എന്നാണ് കണക്ക്. ശരാശരി രണ്ട് ഇന്ത്യക്കാരും. സാധാരണഗതിയില്‍ യാത്രാ വിമാനങ്ങളില്‍ മൃതദേഹങ്ങളും കൃത്യമായി കൊണ്ടുപോവുമായിരുന്നു. വിമാനങ്ങള്‍ ഇല്ലാതായതോടെയാണ് വന്‍ പ്രതിസന്ധി ഉയരുന്നത്. നിലവിലെ സാഹചര്യത്തില്‍ നിബന്ധനകള്‍ കാരണം ചിലര്‍ നാട്ടിലുള്ളവര്‍ അനുമതി നല്‍കിയതോടെ മൃതദേഹങ്ങള്‍ വിദേശങ്ങളില്‍ തന്നെ സംസ്‌കരിക്കുകയാണ്. ഇതോടെ ഉറ്റവര്‍ക്ക് ഒരു നോക്ക് കാണാന്‍ പോലും സാധിക്കുന്നില്ല.

യുഎഇയില്‍ മിക്ക മത വിഭാഗങ്ങള്‍ക്കും ശ്മശാനങ്ങളും ഖബര്‍സ്ഥാനങ്ങളുമുണ്ട്. ഷാര്‍ജ സജ്ജയിലും അബുദാബിയിലും ദുബായിലെ ജബല്‍ അലിയിലും ഹിന്ദുക്കള്‍ക്ക് പൊതു ശ്മശാനം ഉണ്ട്. മുസ്ലീങ്ങള്‍ക്കായുള്ള ഖബര്‍സ്ഥാന്‍ ദുബായിലെ അല്‍ഖൂസിലാണ്. എന്നാല്‍ ഹിന്ദുക്കളുടെ ശ്മശാനങ്ങളില്‍ ഒരിടത്ത് ഒരു ദിവസം ഒരു മൃതദേഹം മാത്രമേ സംസ്‌കരിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ. വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഈ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും സാധിക്കൂ.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മലയാളികളാണ് യുഎഇയില്‍ മരിച്ചത്. അബുദാബിയില്‍ മരിച്ച തിരുവല്ല സ്വദേശിയെ അബുദാബിയിലും റാസല്‍ഖൈമയില്‍ മരണപ്പെട്ട തലശ്ശേരി സ്വദേശിനിയുടെ മൃതദേഹം സജ്ജയിലും സംസ്‌കരിച്ചു. മരിച്ച മാവേലിക്കര സ്വദേശിയുടെ ശവസംസ്‌കാരം അടുത്ത ദിവസം നടക്കും. അന്ത്യകര്‍മ്മങ്ങളില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. ഇവരെ അവസാനമായി ഒരു നോക്ക് കാണാന്‍ നാട്ടിലുള്ള ഉറ്റവര്‍ക്ക് സാധിച്ചതുമില്ല.

ഇതിലും ഭീകരമാണ് നാട്ടിലെ മരണം അറിഞ്ഞ് ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി പോകുന്ന് പ്രവാസികളുടെ അവസ്ഥ. അടുത്ത് ഒന്നും വിലക്ക് നീക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ പ്രവാസികള്‍ക്കായി കാത്ത് നില്‍ക്കാതെ ഉറ്റവരെ മറവ് ചെയ്യുകയാണ് ചെയ്യുന്നത്.