കൊറോണ വൈറസ് ബാധ; ചൈനയിൽ മരണം 1000 കവിഞ്ഞു

വുഹാന്‍: കൊറോണ വൈറസ് ബാധ ഇപ്പോളും ചൈനയിൽ നിയന്ത്രണ വിധേയം ആയിട്ടില്ല. ഓരോ ദിവസവും മരണ സംഖ്യ ഉയരുക ആണ്. ചൈനയിൽ കൊറോണ ബാധ മൂലം മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1011 പേർക്കാണ് ചൈനയിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ മാത്രം 103പേര് മരിച്ചു.

ചൈനക്ക് പുറമെ ഇന്നലെ ഹോങ്കോങ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊറോണ ബാധിച്ചവരുടെ എണ്ണം ചൈനയിൽ 42300 ആയി. 400 പേർക്ക് മറ്റ് രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ആഹ്വാനം ചെയ്തു. തലസ്ഥാന നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ നേരിട്ട് എത്തി ചൈനീസ് പ്രസിഡന്‍റ് ആരോഗ്യ പ്രവർത്തകരുമായി സംവദിച്ചു.

അതേസമയം കൊറോണ വൈറസ് മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ദൈനംദിന ജീവിതം പോലും താറുമാറായ അവസ്ഥയാണ് ലോകത്തെമ്പാടുമുള്ളത്. ഈ സാഹചര്യത്തിലാണ് ടോക്യോ ഒളിമ്പിക്‌സ് 2020 ന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്കയുമായി സംഘാടക സമിതി രംഗത്ത് എത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ബന്ധിതമായതോടെയാണ് ആശങ്കയുമായി സംഘാടക സമിതി രംഗത്ത് എത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ നടന്നിരുന്നു.

നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് ടോക്യോ ഒളിമ്പിക്‌സ് സംഘാടക സമിതി ചീഫ് എക്‌സിക്യൂട്ടീവ് തോഷിരോ മ്യൂട്ടോ പറയുന്നു. രാജ്യത്ത് നിന്നും ഈ വൈറസിനെ അതിവേഗം തന്നെ ഇല്ലായ്മ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പകര്‍ച്ചാവ്യാധി മത്സരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് നിന്നും വൈറസിനെ ഉന്മൂലനം ചെയ്യാനായി ജപ്പാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി ഷിന്‍സോ ആബെയും ദൗത്യത്തില്‍ പങ്കാളിയാണെന്നും ജപ്പാന്‍ വ്യക്തമാക്കി. കായികതാരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അത്‌ലറ്റ്‌സ് വില്ലേജ് മേയര്‍ സാബുറോ കവബൂച്ചി പറഞ്ഞു.

ഈ വര്‍ഷം ജൂലൈയില്‍ ജപ്പാനിലെ ടോക്യോവില്‍ വെച്ചാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ അരങ്ങേറുക. ടോക്യോ ഒളിമ്പിക്‌സ് 2020നുള്ള ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്ത പോലെ തുടരുന്നതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്നും അവരുടെ മെഡിക്കല്‍ വിദഗ്ധരില്‍ നിന്നും സഹായങ്ങള്‍ സ്വീകരിച്ച് കൊറോണ വൈറസിന്റെ ആഘാതം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കും. പകര്‍ച്ചവ്യാധി തടയാനും വൈറസ് ബാധയുടെ ആഘാതം കുറയ്ക്കാനുമായി കൂട്ടായി പ്രവര്‍ത്തിക്കുമെന്നും ഐഒസി വക്താവ് അറിയിച്ചു.

കൊറോണ വൈറസ് മുന്നറിയിപ്പ് ആദ്യമായി നല്‍കിയ ചൈനീസ് ഡോക്ടര്‍ വൈറസ് ബാധമൂലം മരിച്ചു. വുഹാനില്‍ ജോലി ചെയ്തിരുനന്ന ലീ വെന്‍ല്യാങ് എന്ന ഡോക്ടറാണ് മരിച്ചത്. താന്‍ ചികിത്സിച്ച രോഗിയില്‍ നിന്നുമാണ് ലീയ്ക്ക് കൊറോണ് വൈറസ് ബാധ പിടികൂടിയത്. ഫെബ്രുവരി ഒന്നിനായിരുന്നു ലീയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

മെഡിക്കല്‍ പഠനകാലത്തെ സഹപാഠികളുടെ ഗ്രൂപ്പില്‍ ആയിരുന്നു ലീ കൊറോണയെ സംബന്ധിക്കുന്ന മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ മുപ്പതിന് ആയിരുന്നു ഇത്. നേരത്തെ ചൈനയില്‍ നേരത്തെ പടര്‍ന്ന് പിടിച്ച സാര്‍സ് എന്ന രോഗത്തിനു സമാനമായ രോഗലക്ഷണങ്ങള്‍ ഏഴു രോഗികളില്‍ കാണുന്നു എന്നായിരുന്നു ലീയുടെ മുന്നറിയിപ്പ്.

എന്നാല്‍ പൊലിസ് അന്ന് ലീ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ വ്യാജ വാര്‍ത്തകള്‍ പരത്തുന്നു എന്നാരോപിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അവര്‍ക്ക് താക്കീതും നല്‍കി. ലീയുടെ മരണത്തില്‍ ലോകാരോഗ്യ സംഘടന അനുശോചനം അറിയിച്ചു.