കൊവിഡ് ക്ലസ്റ്ററായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളില്‍ രോഗം പടരുന്നു. ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുന്നതിൽ കനത്ത ആശങ്കയിലാണ് സംസ്ഥാനം. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളില്‍ സ്ഥിതി രൂക്ഷമാണ്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 10 ഡോക്ടർമാർ ഉൾപ്പടെ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അത്യാഹിത വിഭാഗത്തില്‍ മാത്രം മൂന്ന് ഡോക്ടർമാര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഡെന്റൽ, ഇഎൻടി വിഭാഗങ്ങള്‍ താൽകാലികമായി അടച്ചു.

കളമശ്ശേരി മെഡിക്കൽ കോളേജിലും സ്ഥിതി അതീവ ഗൗരവമാണ്. 22 ഡോക്ടർമാർ ഉൾപ്പെടെ 75 ജീവനക്കാർക്കാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ഡോക്ടർമാർ, 17 ഹൗസ് സർജൻമാർ, 11 നഴ്സുമാർ, 29 മെഡിക്കൽ വിദ്യാർത്ഥികൾ, 13 മറ്റ് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാർക്കും നാല് മെഡിക്കൽ വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ കൊവിഡ് വാർഡ് രോഗികളാൽ നിറഞ്ഞിരിക്കുകയാണ്.

അതേസമയം, കൊവിഡ് ഡ്യൂട്ടിയിൽ ആയിരിക്കെ കൊവിഡ് ബാധിച്ച വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫിസർ സരിത (52)മരിച്ചു.‌ കല്ലറയിലെ പ്രാഥമിക കോവിഡ് ചികിത്സ കേന്ദ്രത്തിൽ ഡ്യൂട്ടിയിൽ ആയിരുന്നു ഇവർ. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.