വീട് എത്താറാകുമ്പോള്‍ ഫോണ്‍ചെയ്ത് പറയും കുഞ്ഞിനെ മാറ്റാന്‍, ഞാന്‍ പിന്‍വാതിലിലൂടെ അകത്ത് കയറും; കോവിഡ് ജോലിക്കാരി

 

കോറോണയെ പ്രതിരോധിക്കാന്‍ സ്വന്തം ശരീരവും വീടും കുടുംബവും മറന്ന് പണിയെടുക്കുന്നവരുണ്ട്. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ കയ്യും മെയ്യും മറന്ന് പോരാടുകയാണ് കേരളക്കര. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുതല്‍ ഏറ്റവും താഴെതട്ടിലുള്ള ജനങ്ങള്‍ വരെ ആ പോരാട്ടത്തില്‍ അണി ചേര്‍ന്നവരുടെ പട്ടികയില്‍ വരും. അതില്‍ കേരള പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എടുത്തു തന്നെ പറയണം. കോവിഡ് കാലത്തെ ഡ്യൂട്ടിയെ കുറിച്ചും നേരിടേണ്ടിവരുന്ന പ്രതിസന്ധി ഘട്ടത്തെ കുറിച്ചും, തൃശൂര്‍ ജില്ലയിലെ നെടുപുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ ഉദ്യോഗസ്ഥയായ സിന്റി ജിയോ തുറന്നു പറയുകയാണ്.

വീട് എത്താറാവുമ്പോള്‍ വീട്ടിലേയ്ക്ക് വിളിച്ചുപറയും. വീട്ടുകാരപ്പോള്‍ രണ്ടു വയസ്സുള്ള കുഞ്ഞിനെ മാറ്റും. പിന്നാമ്പുറത്ത് കൂടിയാണ് വീട്ടിലേക്ക് കയറുക. കുളിച്ചതിനുശേഷം മാത്രമാണ് കുഞ്ഞിനടുത്തേക്ക് പോവുക. പോലീസുകാരിയാണെങ്കിലും ഞാനൊരമ്മ കൂടിയാണ്. വാഹനങ്ങള്‍ പരിശോധിക്കാനിറങ്ങുന്നത് മാസ്‌ക് മാത്രം ധരിച്ചാണ്. വാഹനമോടിക്കുന്നവരുടെ പേപ്പറുകളെല്ലാം കൈകൊണ്ടാണ് വാങ്ങുന്നത്. ഒട്ടും സുരക്ഷിതമല്ല.

പരിശോധനയ്ക്കിടെ രസകരമായ പല സംഭവങ്ങള്‍ക്കും സാക്ഷിയാവേണ്ടി വന്നിട്ടുണ്ട്. നഴ്‌സുമാരായ ഭാര്യമാരെ ആശുപത്രിയിലെത്തിക്കാനായി വാഹനങ്ങളില്‍ വരുന്ന ഭര്‍ത്താക്കന്മാരുണ്ട്.പോവുമ്പോള്‍ നഴ്‌സിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കും. ഭാര്യയെ ആശുപത്രിയിലാക്കി തിരിച്ചുവരുമ്പോള്‍ തെളിവ് കാണിക്കാന്‍ ഒന്നുമുണ്ടാവില്ല.പോലീസ് എങ്ങനെയാണ് വാഹനം തടയുന്നതെന്ന് നോക്കാന്‍ വരുന്നവരുണ്ട്. ഇവരെ പറഞ്ഞു മനസ്സിലാക്കി അയയ്ക്കും. പരിശോധനക്കിടെ ദേഷ്യപ്പെടുന്നവരുണ്ട്. കേസെടുക്കുന്നവരുടെ വാഹനത്തിന്റെ താക്കോല്‍ വാങ്ങിവെക്കും.സിന്റി ജിയോ,നെടുപുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ്.