കൊവിഡ്; രാജ്യത്ത് രോഗികളുടെ എണ്ണം 4 കോടി പിന്നിട്ടു; പ്രതിദിന കേസുകൾ മൂന്ന് ലക്ഷത്തിന് താഴെ

കൊവിഡ് മഹാമാരിയിൽ ഞെരിഞ്ഞമർന്നു രാജ്യം. നിലവിൽ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു. മൂന്നാം തരംഗത്തിൽ ഇതുവരെ 50 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ വീണ്ടും ഉയർന്ന് 500ന് മുകളിലായി. അതേസമയം, പ്രതിദിന കേസുകൾ കുറയുന്നത് ആശ്വാസമാണ്. ഇന്നും മൂന്ന് ലക്ഷത്തിന് താഴെയാണ് പ്രതിദിന കേസുകൾ.

കോവിഡ് വ്യാപനം തടയാൻ രാജ്യം കാണിച്ച നിശ്ചയദർഢ്യത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. വൈറസ് വിട്ടു പോയിട്ടില്ലന്നും പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിദിന കേസുകൾ അരലക്ഷം കടന്നതോടെ സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ 55,475 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ലകളിലെ പ്രതിദിന പോസിറ്റിവ് കേസുകൾ. കേസുകൾ ഇനിയും ഉയരുമെന്ന സൂചനയാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്. വിവിധ ജില്ലകളിലായി നാലേമുക്കാൽ ലക്ഷം പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പുതിയ കേസുകളുടെ എണ്ണം ഒരാഴ്ചക്കിടെ 143 ശതമാനം കൂടിയിട്ടുണ്ട്.