സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം, പെണ്‍കുട്ടികളെ വിളിച്ചുവരുത്തി ഭീഷണി, പണവും സ്വര്‍ണവും തട്ടി, ദമ്പതിമാര്‍ പിടിയില്‍

കൊച്ചി: സിനിമയില്‍ അവസരം തരാമെന്ന് മോഹന വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വിളിച്ചു വരുത്തി തട്ടിപ്പ് നടത്തിയിരുന്ന ദമ്പതികളെ പോലീസ് പിടികൂടി. അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്ത് ഇവരുടെ ആഭരണങ്ങളും പണവും തട്ടിയെടുക്കുകയായിരുന്നു ദമ്പതികളുടെ രീതി.

തൃപ്പൂണിത്തുറ എരൂരില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു വൈക്കം ചെമ്പ് സ്വദേശി മ്യാലില്‍ വീട്ടില്‍ എം എസ് ഗോകുല്‍(26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനി ആതിര പ്രസാദ്(27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ കൂട്ടു പ്രതിയായ ടാക്‌സി ഡ്രൈവറെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

13-ാം തീയതി കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം കാറില്‍ എത്തിയ പ്രതികള്‍ സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ഒരു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഇവര്‍ ബലമായി കാറില്‍ കയറ്റി. മുഖത്ത് മുളക് സ്‌പേ അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടി അണിഞ്ഞിരുന്ന ഒന്നേകാല്‍ പവന്റെ സ്വര്‍ണമാലയും ബാഗില്‍ ഉണ്ടായിരുന്ന 20,000 രൂപയും കവര്‍ന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ പാലാരിവട്ടത്തിനടുത്ത് ആളില്ലാത്ത സ്ഥലത്ത് ഇറക്കി വിട്ടു. അതേ ദിവസം തന്നെ മറ്റൊരു കവര്‍ച്ചയും പ്രതികള്‍ നടത്തിയതായി പോലീസ് പറഞ്ഞു. വൈറ്റില ഹബ്ബില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി. കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീഷണിപ്പെടുത്ത് ബാഗില്‍ ഉണ്ടായിരുന്ന 20,000 രൂപ കവരുകയും ചെയ്തു. ഈ പെണ്‍കുട്ടിയെയും പിന്നീട് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.