തൂക്കിലേറ്റും മുമ്പ് മുഷറഫ് മരിച്ചാല്‍… കോടതി ഉത്തരവ് ഇങ്ങനെ

ഇസ്‌ലാമാബാദ്: മുന്‍ പാക് പ്രസിഡന്റ് പറവേസ് മുഷറഫിന് പാക്കിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ തൂക്കിലേറ്റുന്നതിന് മുമ്പ് മുഷറഫ് മരിച്ചാല്‍ മൃതദേഹത്തോട് എങ്ങനെ പെരുമാറണം എന്ന കോടതി ഉത്തരവാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തൂക്കിലേറ്റുന്നതിന് മുമ്പ് മുഷറഫ് മരിച്ചാല്‍ മൃതദേഹം വലിച്ചിഴച്ച് തെരുവില്‍ കെട്ടിത്തൂക്കണമെന്നാണ് കോടതി ഉത്തരവ്. മാത്രമല്ല മൃതദേഹം ഇസ്‌ലാമാബാദിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ കൊണ്ടുവന്ന് മൂന്നു ദിവസം കെട്ടിത്തൂക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

76 കാരനായ മുഷറഫിന് മൂന്നംഗ ബെഞ്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധിച്ച ബെഞ്ചിന്റെ തലവന്‍ പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹ്മദ് സേത്ത് എഴുതിയ 167 പേജുള്ള വിധിന്യായത്തിലാണ് ഇക്കാര്യങ്ങളും ഉള്ളത്. മുഷറഫിന്റെ മ!ൃതദേഹം ഡി തെരുവില്‍ (ഡെമോക്രസി ചൗക്ക്) കെട്ടിത്തൂക്കണമെന്നാണ് നിര്‍ദേശം.

അതേസമയം രോഗബാധിതനായ മുഷറഫ് ദുബായില്‍ ചികിത്സയിലാണ്. വിചാരണയെ മുന്‍ സൈനിക മേധാവി കൂടിയായ അദ്ദേഹം ചോദ്യം ചെയ്തു മണിക്കൂറുകള്‍ക്കു ശേഷമാണ് വിശദമായ വിധിപ്രഖ്യാപനം വന്നത്.

അതേസമയം, എല്ലാ മൂല്യങ്ങള്‍ക്കും എതിരാണു വിധിയെന്നു സൈനിക വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകളും സുപ്രീം കോടതിയും സ്ഥിതിചെയ്യുന്ന തെരുവാണിത്. വിധിയില്‍ ബെഞ്ചിലെ ഒരംഗമായ സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നസര്‍ അക്ബര്‍ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. 42 പേജുള്ള വിയോജന വിധിയെഴുതിയ അദ്ദേഹം മുഷറഫിന്റെ മൃതദേഹം വലിച്ചിഴച്ച് തൂക്കണമെന്ന നിര്‍ദേശത്തോടും വിയോജിച്ചു.

അതേസമയം അതിസാഹസികന്‍ എന്ന നിലയിലാണ് ചരിത്രത്തില്‍ മുഷറഫിന് സ്ഥാനം. സാഹസികതയും ആത്മവിശ്വാസവും മുഷറഫിനെ ഉന്നതിയിലെത്തിച്ചു.1998ല്‍ ഭരണത്തില്‍ സൈന്യത്തിന് പ്രാമുഖ്യം വേണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ കരസേനാ മേധാവി ജഹാംഗീര്‍ കരാമത്ത് അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഇടഞ്ഞതോടെയാണ് മുഷറഫ് യുഗത്തിനു തുടക്കമാകുന്നത്.

ജഹാംഗീര്‍ കരാമത്ത് രാജിവച്ചതോടെ നവാസ് ഷെരീഫ് മുതിര്‍ന്ന ൈസനിക ഉദ്യോഗസ്ഥരെ വെട്ടിനിരത്തി മുഷറഫിനെ കരസേനാ മേധാവിയാക്കി. തനിക്കു ചുറ്റിലും കറങ്ങുന്ന ഒരു പാവയാണ് മുഷറഫെന്നും കരാമത്തിനെ പോലെ സൈന്യത്തിലെ അവസാന വാക്കാകാന്‍ മുഷറഫിന് കഴിയില്ലെന്നും ഷെരീഫ് മനക്കോട്ട കെട്ടി. എന്നാല്‍ കറാമത്തിനെക്കാള്‍ ശക്തനായിരുന്നു മുഷറഫ്. നേതൃപാടവവും ചടുല തീരുമാനങ്ങളും മുഷറഫിനെ സൈന്യത്തിനു പ്രിയപ്പെട്ടവനാക്കി. സൈന്യവും ഭരണകൂടവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി.

രാജ്യത്തെ പ്രധാനമന്ത്രി പോലും അറിയാതെ തുടങ്ങിവച്ചതാണ് കാര്‍ഗില്‍ ആക്രമണം എന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ നവാസ് ഷെരീഫ് പ്രതിരോധത്തിലായി. പട്ടാള അട്ടിമറി മണത്തതോടെ 1999ല്‍ മുഷറഫിനെ പുറത്താക്കി ഷെരീഫ് ഉത്തരവിട്ടു. എന്നാല്‍ ആ ഉത്തരവിന് കടലാസിന്റെ വില പോലും സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. അവര്‍ മുഷറഫിനൊപ്പം അണിചേര്‍ന്നു. വിവരം അറിഞ്ഞ് ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി മുഷറഫ് എത്തി. വിമാനത്തിനു കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കാതെ വട്ടംചുറ്റിച്ചെങ്കിലും അവസാന നിമിഷം മുഷറഫ് പാക്കിസ്ഥാനിലിറങ്ങി. വൈകാതെ കറാച്ചി വിമാനത്താവളം സൈന്യം പിടിച്ചെടുത്തു.