കോവിഡ് മലയാളി സൗദിയില്‍ മരിച്ചു, ജനുവരിയില്‍ വിവാഹിതനായ ഷബ്‌നാസ് തിരിച്ചുപോയത് മാര്‍ച്ച് 10ന്

സൗദിയില്‍ കൊവിഡ് 19 ബാധിച്ച് പാനൂര്‍ സ്വദേശി മരിച്ചു. മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര എല്‍പി സകൂളിനു സമീപം ബൈത്തുസാറയില്‍ മമ്മു- ഫൗസിയ ദമ്പതികളുടെ മകന്‍ ഷബ്നാസ് (29) ആണ് മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. കല്യാണത്തിന് ലീവെടുത്ത് നാട്ടിലെത്തിയ ഇദ്ദേഹം മാര്‍ച്ച് പത്തിനാണ് സൗദിക്ക് തിരിച്ച് പോയത്. പിന്നീടാണ് അസുഖ ബാധിതനായത്.

കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്‌നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്.മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കും. ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതര്‍ക്ക് അയച്ചു. ഭാര്യ: ഷഹനാസ്.സഹോദരങ്ങള്‍: ഷബീര്‍, ഷബാന.

അതേസമയം ന്യൂയോര്‍ക്കില്‍ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശിയും മരിച്ചു. 72 വയസ്സുള്ള ജോസഫ് കെ. തോമസ് (കുഞ്ഞേപ്പച്ചന്‍) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് മരണം. ന്യൂയോര്‍ക്കില്‍ നിര്യാതനായ ബന്ധുവിന്റെ സംസ്‌കാരചടങ്ങില്‍ കഴിഞ്ഞ ദിവസം ജോസഫ് പങ്കെടുത്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ അദ്ദേഹത്തിന് പനി അനുഭവപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫിനെ കോവിഡ് വാര്‍ഡിലാണ് പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.

അതിനിടെ ന്യൂയോര്‍ക്കില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റ് ആയ ഇന്ത്യക്കാരിയും ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഫിസിഷ്യന്‍ അസിസ്റ്റന്റ് മാധവി ആയ (61) ആണ് മരിച്ചത്.കോവിഡ് ബാധിച്ച് ഒരുദിവസം ഏറ്റവുമധികം പേര്‍ മരിച്ച രാജ്യമായി മാറിയിരിക്കുകയാണ് യുഎസ്. 24 മണിക്കൂറിനകം 1100 പേര്‍ രാജ്യത്ത് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആകെ മരണം 6,000 കവിഞ്ഞു.