കോവിഡ് രോഗ വിമുക്തി, ഇന്ത്യ ലോകത്ത് ഒന്നാമത്

കോവിഡ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി കേന്ദ്രസർക്കാർ. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 42 ലക്ഷം കവിഞ്ഞു. അമേരിക്കയെ പിന്തള്ളി രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി ട്വീറ്റില്‍ പറയുന്നു. കൃത്യസമയത്ത് രോഗ നിര്‍ണയം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് മന്ത്രാലയം പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയി. നിലവില്‍ 10,13,964 പേര്‍ ചികില്‍സയിലുണ്ട്.

ഇന്നലെ മാത്രം 1,247 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 85,619 ആയി. ഇതുവരെ രാജ്യത്ത് 42 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.മരണനിരക്ക്​ 1.62 ശതമാനമാണ്

ഇന്നലെ വരെ രാജ്യത്ത് 6 കോടി ആളുകളുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,81,911 പേരുടെ സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

അതേസമയം കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും ലോകത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് വ്യക്തമാക്കുമ്പോഴും കൊറോണ വൈറസിനെതിരെ വാക്‌സിൻ കണ്ടെത്തുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് കേസുകൾ അതിവേഗം വർധിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്ന ഇന്ത്യയിലേക്ക് റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക് എത്തുമെന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്.നേരത്തെ പ്രതിദിന കോവിഡ് പരിശോധനയിൽ ഇന്ത്യ ലോകത്തു രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു

അതേസമയം സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക ശക്തം. ഇന്നലെ 4167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 2744 പേർക്ക് രോഗമുക്തിയുണ്ടായി. തുടർച്ചയായ രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തെ സ്ഥിതിഗതികൾ മോശമാകുകയാണ്. 12 മരണങ്ങൾ ഇന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 501 ആയി. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം വർധിച്ചു. സംസ്ഥാനത്താകെ 614 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്. ഇതോടെ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിച്ചു.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ശശി തരൂര്‍ എംപി. പ്രതിപക്ഷത്തെ പ്രതിഷേധങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കുന്ന വിധത്തിലാണ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുന്നതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു