കോവിഡ് വെറും ഒരു നീർ വീഴ്ച്ച പനി മാത്രം,തൃശൂരിലെ മണ്ടത്തരങ്ങൾ ഇങ്ങിനെ

തൃശൂരിൽ വ്യാപകമായി കോവിഡ് പടരുന്നു. കോവിഡ് ഒരു വിഷയവുമല്ല എന്നും  വെറും ഒരു പനി എന്നും നീർ വീഴ്ച്ച എന്നും തൃശൂരുലെ സാംസ്കാരിക നായകന്മാരും ബുദ്ധിജീവികളും വ്യാപകമായി പ്രചരിപ്പിച്ചതിനു തിരിച്ചടി കിട്ടുകയാണ്‌.തൃശൂരിലെ ഈ വിവരങ്ങൾ എഴുത്തുകാരൻ കൂടിയായ സി.ടി വില്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നു

തൃശൂരിൽ കോവിഡ് ഇത്രമേൽ വ്യാപിക്കാൻ എന്താണ് കാരണം? ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ ഞങ്ങൾ തൃശൂർക്കാർ തന്നെ എന്നതാണ് സത്യം. കുറച്ചുകൂടി വ്യക്തമാക്കിയാൽ തൃശൂർക്കാരുടെ സാംസ്കാരികവും രാഷ്ട്രീയവും സാമൂഹ്യപരവുമായ അഹന്തയും ധിക്കാരമെന്ന് ഒരു തൃശൂർക്കാരൻ എന്ന നിലയിൽ എനിക്ക് പറയാനാവും. ഈ അഹന്തയും ധിക്കാരവുമാണ് അവരെ കോവിഡിന് വിട്ടുകൊടുക്കുന്നത്.

തൃശൂർക്കാർ നിലനില്ക്കുന്നത് തന്നെ മേൽപറഞ്ഞ ആ അഹന്തയും ധിക്കാരവും അവരിൽ വേരാഴ്ന്നുനില്ക്കുന്നതുകൊണ്ടാണ്. തൃശൂരിൽ ഏറിയ പങ്കും സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക കോമാളികളാണ്. ഈ കോമാളികൾക്ക് സർക്കസ് കൂടാരത്തിലെന്നപോലെ സാംസ്കാരിക നഗരിയിൽ എപ്പോഴും ശോഭിതരായി നിറഞ്ഞുനില്ക്കണം. കോവിഡ് നിയന്ത്രണം അവർക്ക്, അതിനൊരു തടസ്സമാണ്. അതുകൊണ്ടുതന്നെ കോവിഡിനെ നിസ്സാരവൽക്കരിക്കേണ്ടത് ഈ കോമാളികളുടെ ആവശ്യവുമാണ്. അതുകൊണ്ട് അത്തരത്തിലുള്ള പ്രചരണം ഇക്കൂട്ടർ തൃശൂൂരിൽ വ്യാപകമായി നടത്തിവരികയാണ്. എന്നിട്ട് സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക പ്രഹസനങ്ങൾ തൃശൂർ നഗരത്തിൽ നിത്യേനെയെന്നോണം രഹസ്യമായോ അല്ലാതെയോ അരങ്ങേറ്റുകയാണിവർ.
ആരെയെങ്കിലും അനുസരിക്കുക, പ്രത്യേകിച്ച് ഭരണകൂടത്തെ എന്നത് തൃശൂർക്കാരുടെ സ്വഭാവമല്ല. അവരുടെ പൊള്ളയായ ദുരഭിമാനബോധം അതിന് അവരെ അനുവദിക്കാറില്ല. അവർ പലപ്പോഴും ഭരണകൂടത്തിന്നപ്പുറം സർവ്വജ്ഞപീഠം അലങ്കരിക്കുകയാണ് പതിവ്. പൊങ്ങച്ചത്തിന്റെ ഉച്ചസ്ഥായിലായിരിക്കും എപ്പോഴും ഭൂരിപക്ഷം തൃശൂർക്കാരും. സർവ്വത്തിന്റേയും പൂരപ്പൊലിമയിൽ മതിമറന്നുനില്ക്കുന്ന ഒരു പൊള്ള സമൂഹമാണ് തൃശൂരിന്റേത് എന്ന് പറയാൻ എനിക്ക് മടിയില്ല.
സംഭവങ്ങളുടെ റിവ്യൂ മാത്രം വായിച്ചുകൊണ്ട് സംഭവങ്ങളുടെ ആഴത്തിലെന്ന വ്യാജേന സഞ്ചരിക്കുന്നവരാണ് പൊതുവെ തൃശൂർക്കാർ എന്നുപറഞ്ഞാലും അതിൽ തെറ്റില്ല. ഒന്നുരണ്ട് ഉദാഹരണങ്ങൾ കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ഞാൻ അവസാനിപ്പിക്കാം.പണ്ടൊരിക്കൽ ഒരു പുസ്തക പ്രകാശനവേളയിൽ ഒരു സാംസ്കാരിക വിദ്വാൻ അവിടെ പ്രകാശിതമാവുന്ന പുസ്തകത്തെകുറിച്ച് ഓരോ പേജ് പേജായി അപഗ്രഥിച്ചുകൊണ്ട് പുസ്തകത്തെ പരിചയപ്പെടുത്തിയത് എനിക്ക് ഓർമ്മ വരികയാണ് ഇപ്പോൾ. ഏകദേശം ഒരു മണിക്കൂർ മുമ്പ് മാത്രം കയ്യിൽ കിട്ടിയ ആ പുസ്തകത്തെ കുറിച്ച് എങ്ങനെ ഇത്ര ആധികാരികമായി പറയാൻ സാധിച്ചുവെന്ന് ഞാൻ ആ വിദ്വാനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഇങ്ങനെ-“തൃശൂർ പ്രേക്ഷകർക്ക് എന്തെങ്കിലും ഗൌരവമായി കേൾക്കണമെന്നേ ഉള്ളൂ, അതൊന്നും സത്യമാവണമെന്നില്ല”.
തൃശൂരിലെ മറ്റൊരു പ്രശസ്തനായ പുസ്തക പ്രസാധകനുണ്ട്. അയാളുടെ ഒരു രസകരമായ കമന്റുണ്ട്-“ഞാനൊരു പുസ്തക കച്ചവടക്കാരനാണ്, പുസ്തക വായനക്കാരനല്ല.” അങ്ങനെ നിരക്ഷരനായ അയാളുടെ ആ കച്ചവട സ്ഥാപനത്തിനുവേണ്ടി പുസ്തകങ്ങളെ കൃത്രിമമായി അണിയിച്ചൊരുക്കുന്നതും ഏതാണ്ട് യജമാനസദൃശനായ ഒരാളാണെന്നതും തൃശൂരിന്റെ മനശാസ്ത്രപരമായ പൂരപ്പൊലിമ വിളിച്ചോതുന്നുണ്ട്.
തൃശൂരിന്റെ ഈ സാംസ്കാരിക ദുരവസ്ഥയുടെ പൂരപ്പൊലിമ നന്നായി മനസ്സിലാക്കിയ ഡോ. സുകുമാർ അഴീക്കോട് തൃശൂരിലെ സാംസ്കാരിക കുട്ടിക്കോമാളികളെ കുറിച്ച് പറഞ്ഞതും കൂടി ഇവിടെ ഉദ്ധരിക്കട്ടെ, “ഇപ്പോഴും ഒരുപാട് ആളുകളുണ്ട്. എം.എ. പിഎച്ഛഡി ക്കാർ. ഒരു മനുഷ്യർ പോലും അവരുടെ ലേഖനം പൂർണ്ണമായി വായിക്കില്ല. ഇന്നത്തെ നിരൂപകരുടെ പേർ തന്നെ അറിയില്ല. അവരുടെ പുസ്തകം എന്താണെന്നറിയില്ല. നിരൂപണം എന്നത് പലപ്പോഴും ഒരു ലേഖനത്തിൽ ഒതുങ്ങുന്നു.”
ഇത്തരത്തിലുള്ള പൂരപ്പൊലിമയോടുള്ള വളരെ കൃത്രിമമായ ആരാധന പുലർത്തുന്ന ഒരു സമൂഹത്തിൽ കോവിഡ് അതിന്റെ സാംക്രമിക വിളയാട്ടം നടത്തിയില്ലെങ്കിലെ നാം അത്ഭുതപ്പെടേണ്ടതുള്ളൂ. തൃശൂരിന്റെ ഈ മനോതലം മാറാതെ കോവിഡ് തൽക്കാലം വഴിമാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല