അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

പ്ലസ് വണ്‍ മോഡല്‍ പരീക്ഷകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്ലസ് വണ്‍ മോഡല്‍ പരീക്ഷകള്‍ നടക്കാനിരിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നതിനാല്‍ അധ്യാപകരുടെ സാന്നിധ്യം അനിവാര്യമാണെന്നും അതിനാല്‍ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കനാമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ ക്ലാസും കൊവിഡ് ഡ്യൂട്ടിയും അധ്യാപകരെ സമ്മര്‍ദ്ദത്തിലാക്കുന്നു. പഞ്ചായത്ത് ഹെല്‍പ് ഡെസ്‌കുകളിലും ഹെല്‍ത്ത് സെന്ററുകളിലും ജാഗ്രതാ സമിതികളിലും കൊവിഡ് ഡ്യൂട്ടി ലഭിച്ച അധ്യാപകരാണ് ഓണ്‍ലൈന്‍ ക്ലാസും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ മുന്നണിപ്പോരാളികളെ സഹായിക്കാനും സമൂഹത്തോടുള്ള കടമ നിര്‍വഹിക്കാനും സന്നദ്ധരാണെന്ന് അധ്യാപകര്‍ പറയുമ്പോഴും ഔദ്യോഗിക ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുവാന്‍ അധിക സമയം കണ്ടെത്തേണ്ടി വരുന്നു.