തിരുവനന്തപുരത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു; 25 പേർക്ക് രോഗബാധ

തലസ്ഥാന ജില്ലയിൽ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് എസ്‌ ഐമാര്‍ ഉള്‍പ്പടെ 25പേര്‍ക്കാണ് തിരുവനന്തപുരം നഗരപരിധിയിൽ മാത്രം വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് ആദ്യ തരംഗത്തില്‍ വലിയ തോതില്‍ തിരുവനന്തപുരത്ത് അടക്കം പോലീസുകാര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു. രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തില്‍ വലിയ തോതില്‍ പോലീസുകാര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ആഴ്ച മുതല്‍ തിരുവനന്തപുരത്ത് പോലീസുകാരില്‍ രോഗവ്യാപനം കൂടുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായിരിക്കുന്നത്. ഇതില്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ മാത്രം പന്ത്രണ്ട് പോലീസുകാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഏഴ് പേര്‍ക്കും കണ്‍ന്‍റോണ്‍മെന്‍റ് സ്‌റ്റേഷനിലെ ആറ് പേര്‍ക്കും രോഗം ബാധിച്ചു. പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ജോലിഭാരം ചൂണ്ടിക്കാട്ടി സമ്പര്‍ക്കമുള്ള ഉദ്യോഗസ്ഥരെ ക്വാറന്റീനില്‍ വിടുന്ന പതിവ് ഇല്ലെന്നും പോലീസുകാര്‍ക്കിടയില്‍ പരാതി ഉയര്‍ന്നിരുന്നു.

രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. നിയന്ത്രണം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി പൊലീസുകാരെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു. ജനങ്ങളുമായുണ്ടായ സമ്പര്‍ക്കം രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.

അതേസമയം, പൊലീസുകാർ കൊവിഡ് ബാധിതരായെങ്കിലും പരിശോധന പലയിടത്തും കർശനമായി തുടരേണ്ടതുണ്ട്. ഇതിനുവേണ്ടിയുളള സംവിധാനം ക്രമീകരിക്കുന്നതിനുവേണ്ടിയുളള നെട്ടോട്ടത്തിലാണ് അധികൃതർ. ബുധനാഴ്‌ച വരെ സർക്കാർ നിർദേശിച്ചത് അനുസരിച്ചുളള പരിശോധനകൾ നടത്തേണ്ടതുണ്ട്. അതിനുശേഷമുളള ദിവസങ്ങളിലെ കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്നാണ് പൊലീസ് വകുപ്പ് പ്രതീക്ഷിക്കുന്നത്.