രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ 1,20,529 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ 11,835 എണ്ണത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച രാജ്യത്ത് 1,20,529 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 1,32,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,86,94,879 ആയി. നിലവില്‍ 15,55,248 പേരാണ് വിവിധ ആരോഗ്യകേന്ദ്രങ്ങളിലും വീടുകളിലുമായി ചികില്‍സ തേടുന്നത്.

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പോസിറ്റിവിറ്റി നിരക്ക് 5.78 ശതമാനമായി. പത്ത് ശതമാനത്തില്‍ താഴെ നിരക്ക് രേഖപ്പെടുത്തുന്നത് ഇത് തുടര്‍ച്ചയായി 12ാം ദിവസമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 6.89 ശതമാനം.

കഴിഞ്ഞ ദിവസം മാത്രം 3,380 പേര്‍ക്ക് ജീവഹനിയുണ്ടായി. ആകെ 3,44,082 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം 1,97,894 ആയിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം രോഗമുക്തരുടെ എണ്ണത്തേക്കാള്‍ കൂടുന്നത് ഇത് തുടര്‍ച്ചായി 23ാം ദിവസമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.38 ശതമാനമായിട്ടുണ്ട്.