കോവിഡ് വ്യാപിക്കുന്നു; ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം. നേരിയ വര്‍ധനവ് മാത്രമാണ് കോവിഡ് കേസുകളില്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. 172 കേസുകളാണ് ഉണ്ടായത്. ആകെ സംസ്ഥാനത്ത് ആക്ടീവായി 1026 കോവിഡ് കേസുകളാണ് ഉള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ദിവസവും സംസ്ഥാനത്ത് ഉണ്ടാകുന്ന കോവിഡ് കേസുകള്‍ അവലോകനം ചെയ്യുവാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഐസിയു വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കും. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ക്ലസ്റ്ററുകള്‍ രൂപീകരിച്ചിട്ടില്ല. പുതിയ വകഭേദം കണ്ടെത്തുവാന്‍ ജിനോമിക് പരിശോധന നടത്തും.

കോവിഡ് കൂടുന്ന സാഹചര്യത്തില്‍ പരിശോധന കിറ്റുകളുടെയും മരുന്നുകളും കൂടുതല്‍ സജ്ജമാക്കുവാന്‍ കെഎംഎസ്സിഎല്ലിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. രോഗികളും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.