കൊറോണ പരന്നത് വുഹാനിൽ നിന്ന്: തന്റെ സംശയം ലോകം അംഗീകരിക്കുന്നുവെന്ന് ട്രംപ്

ലോകത്തെ മുഴുവൻ ദുരിതത്തിലാക്കിയ കൊറോണ ചൈനയിലെ വുഹാനിൽ നിന്നു തന്നെയാണ് പരന്നതെന്ന തന്റെ നിഗമനം ശരിയാണെന്ന് തെളിഞ്ഞതായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകരാജ്യങ്ങളിലെ ശാസ്ത്രസമൂഹം ഒരാഴ്ചയായി റിപ്പോർട്ടുകൾ പുറത്തുവിടുന്നത് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ആരോഗ്യ വകുപ്പ് ഉപദേഷ്ടാവ് ഡോ.ഫൗസി നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപ് രംഗത്തെത്തിയത്. ചൈന 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ട്രംപ് പറഞ്ഞു. ചൈനീസ് വൈറസ് എന്നായിരുന്നു ട്രംപ് കൊറോണയെ വിശേഷിപ്പിച്ചിരുന്നത്.

ചൈനയുടെ ആഗോളതലത്തിലെ കുതന്ത്രങ്ങളെല്ലാം താനാണ് തുറന്നുകാണിച്ചതെന്നും ഇന്ന് അതെല്ലാം തെളിവ് സഹിതം പുറത്തുവരികയാണെന്നും ട്രംപ് പറഞ്ഞു. എന്നെ ശത്രുവായി കാണുന്നവരെല്ലാം ഒരേ സ്വരത്തിൽ ചൈനയെ കുറ്റപ്പെടുത്താൻ ഇപ്പോൾ തയ്യാറായിരിക്കുന്നു. വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വ്യാപിച്ചതെന്ന് ഇന്ന് സ്ഥിരീകരിക്കുകയാണ്. ചൈനയ്‌ക്കെതിരെ എന്റെ നടപടികൾക്ക് ഇന്ന് പിന്തുണ ലഭിക്കുന്നു. ഇനിയെങ്കിലും ആഗോളസമൂഹത്തിനെ കൊന്നൊടുക്കുന്ന ചൈനയ്‌ക്കെതിരെ നടപടി എടുക്കണം. കനത്ത പിഴ ഈടാക്കി അന്താരാഷ്ട്രസമൂഹം പ്രതിരോധിക്കാൻ തയ്യാറാകണമെന്നും ട്രംപ് പറഞ്ഞു. ഇന്നിപ്പോൾ എന്നെ എതിർത്തവർ ചൈനയെ സംശയത്തിന്റെ നിഴലിൽ നിർത്തിയതിൽ സന്തോഷമുണ്ടെന്നും ട്രംപ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.