തൃശൂരിലും മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകള്‍ക്ക് പിന്നാലെ തൃശൂരിലും മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. ജവഹര്‍ ബാലഭവന്‍, തൃശൂര്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലായി നടന്നുവന്നിരുന്ന കൊവിഡ് മെഗാ വാക്സിനേഷന്‍ ക്യാമ്പുകളാണ് നിര്‍ത്തുന്നത്. നാളെ മുതല്‍ വാക്സിനേഷന്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൊവിഡ് വാക്സിന്റെ ലഭ്യത കുറവ് മൂലമാണ് ആരോഗ്യവകുപ്പിന്റെ നടപടി.

വാക്സിന്‍ ലഭ്യമാകുന്നതനുസരിച്ച് വാക്സിനേഷന്‍ പുനഃരാരംഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 131 ഓളം വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടിയിരുന്നു. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പും പൂട്ടി. ഇതേ തുടര്‍ന്ന് കുത്തിവയ്പ് എടുക്കാന്‍ എത്തിയവര്‍ വാക്സിന്‍ സ്വീകരിക്കാതെ മടങ്ങിയിരുന്നു.